തിരൂരങ്ങാടി : മഴക്കാലമെത്തിയിട്ടും കടലുണ്ടിപ്പുഴയിലെ പ്രധാനപ്പെട്ട അണക്കെട്ടിലെ ഷട്ടറുകൾ വേഗത്തിൽ ഉയർത്താനും താഴ്‌ത്താനും സംവിധാനങ്ങളില്ലാത്തത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. വർഷങ്ങൾ പഴക്കമുള്ള മൂന്നിയൂർ മണ്ണട്ടാംപാറ അണക്കെട്ടിലെ ഷട്ടറുകളുടെ പ്രവർത്തനമാണ് അധികൃതരുടെ അനാസ്ഥയിൽ പ്രതിസന്ധിയിൽ തുടരുന്നത്.
ഷട്ടറുകൾ പ്രവർത്തിക്കാനാവശ്യമായ മോട്ടോറുകൾ നാലുവർഷം മുൻപ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഇതുവരെ അവ പ്രവർത്തിപ്പിക്കാനായിട്ടില്ല. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച മോട്ടോറുകൾ സൂക്ഷിച്ച ഷെഡും പരിസരങ്ങളും കാടുമൂടിക്കിടക്കുകയാണ്. മോട്ടോറുകൾ പ്രവർത്തിപ്പിക്കാനാവശ്യമായ വൈദ്യുതീകരണപ്രവൃത്തികൾ നടക്കാത്തതും കേന്ദ്രത്തിലേക്ക് ഇതുവരെ വൈദ്യുതി എത്തിക്കാത്തതുമാണ് പ്രതിസന്ധിക്കു കാരണം.
മോട്ടോറുകൾ എത്തിയിട്ടും വൈദ്യുതിയില്ലാത്തതിനാൽ പ്രവർത്തനം കാര്യക്ഷമമായിട്ടില്ല. വൈദ്യുതീകരണത്തിനായി 10 ലക്ഷം നീക്കിവെച്ചിട്ടുണ്ടെങ്കിലും ടെൻഡർ എടുക്കാൻ കരാറുകാർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്കിടയാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.
ജനറേറ്റർ എത്തിച്ചു; ഷട്ടർ ഉയർത്തി
വ്യാഴാഴ്‌ച താത്‌കാലികമായി ജനറേറ്റർ എത്തിച്ച് ഇറിഗേഷൻ വിഭാഗം ഷട്ടറുകൾ ഉയർത്തി. കടലുണ്ടിപ്പുഴയിൽ ജലനിരപ്പ് ഉയരുന്നതോടെ വെള്ളപ്പൊക്കഭീഷണി ഇല്ലാതാക്കാൻ മണ്ണട്ടാംപാറ ഷട്ടറുകൾ വേഗത്തിൽ ഉയർത്താനും കടലിൽനിന്ന് ഉപ്പുവെള്ളം കയറുന്ന സാഹചര്യത്തിൽ ഷട്ടറുകൾ വേഗത്തിൽ താഴ്‌ത്താനും ആധുനികസൗകര്യങ്ങൾ അടിയന്തിരമായി നടപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വൈദ്യുതീകരണ പ്രവർത്തനങ്ങൾ നടത്താതിനെതിരേ നാട്ടുകാർ പ്രതിഷേധമറിയിച്ചു. നടപടിയാവശ്യപ്പെട്ട് മൂന്നിയൂർ ഗ്രാമപ്പഞ്ചായത്തംഗം ചെറുകാവിൽ ഷഫീഖ് അധികൃതർക്ക് പരാതി നൽകി