കോട്ടക്കൽ: ചാപ്പനങ്ങാടി ജി.എം.എൽ.പി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രമുഖ കലാകാരനും നാടകകൃത്തുമായ അനൂപ് മറ്റത്തൂർ നിർവഹിച്ചു. കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും പാഠ്യേതര പ്രവർത്തനങ്ങളിൽ അവരെ സജീവമാക്കുന്നതിനുമുള്ള വിവിധ പരിപാടികൾക്ക് ചടങ്ങിൽ തുടക്കമായി.
ഇതോടനുബന്ധിച്ച് നടന്ന 'അമ്മ ലൈബ്രറി'യുടെ ഉദ്ഘാടനവും ശ്രദ്ധേയമായി. സ്കൂൾ എം.ടി.എ പ്രസിഡണ്ട് പി. പി. റുബീനയ്ക്ക് പുസ്തകം നൽകിയാണ് ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചത്. വായനാശീലം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ലൈബ്രറി പ്രവർത്തനം ആരംഭിക്കുന്നത്.
സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ പുലാക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ മീര എം., സരിത സി. പി., ബഷീർ നെടുവള്ളി എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു.