തിരൂരങ്ങാടി (മമ്പുറം) : 188-ാമത് മമ്പുറം ആണ്ടുനേർച്ചയുടെ ഭാഗമായി ഇന്നലെ നടന്ന സ്വലാത്ത് മജ്ലിസ് വിശ്വാസിഹൃദയങ്ങൾക്ക് കുളിർമയേകി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ആയിരക്കണക്കിന് വിശ്വാസികളാണ് നേർച്ചയോട് അനുബന്ധിച്ചുള്ള സ്വലാത്തിൽ പങ്കെടുക്കാൻ മഖാമിലെത്തിയത്. കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ സ്വലാത്ത് സദസ്സിന് നേതൃത്വം നല്‍കി.
ഇന്ന് മുതൽ തിങ്കളാഴ്ച വരെ മതപ്രഭാഷണങ്ങൾ നടക്കും. രാത്രി ഏഴരക്ക് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ പരമ്പര ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രഭാഷണം നടത്തും. ശനിയാഴ്ച പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനവും മുനീർ ഹുദവി വിളയിൽ പ്രഭാഷണവും നിർവഹിക്കും. 21 ന് ഞായർ രാത്രി സയ്യിദ് മുഈനലി ശിഹാബ് തങ്ങളും 22 ന് തിങ്കളാഴ്ച രാത്രി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും മതപ്രഭാഷണ സദസ്സ് ഉദ്ഘാടനം ചെയ്യും. നവാസ് മന്നാനി പനവൂർ ,സൈനുൽ ആബിദ് ഹുദവി ചേകന്നൂർ തുടങ്ങിയവർ പ്രസംഗിക്കും.
20ന് ശനി രാവിലെ പത്തുമണിക്ക് 'മലബാറിന്റെ ജാതിവിരുദ്ധ മുന്നേറ്റങ്ങളും മമ്പുറം തങ്ങന്മാരും' എന്ന വിഷയത്തിൽ ചരിത്ര സെമിനാർ നടക്കും. മന്ത്രി കെ. എം ഷാജി പരിപാടി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക് എസ്.എം.എഫ് ഗോൾഡൻ ജൂബിലിയുടെ ഭാഗമായുള്ള ഹിസ്റ്ററി കോൺഫറൻസ് എംപി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും.
ചൊവ്വ രാത്രി മമ്പുറം തങ്ങള്‍ അനുസ്മരണവും ഹിഫ്‌ള് സനദ് ദാനവും പ്രാര്‍ത്ഥനാ സദസ്സും നടക്കും.
സമാപന ദിവസമായ 24ന് ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുർറഹ്മാൻ ജിഫ്രി തങ്ങൾ കോഴിക്കോട് അധ്യക്ഷനാവും. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വിശിഷ്ടാതിഥിയാകും. ഉച്ചയ്ക്ക് ഒന്നരക്ക് സമസ്‌ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിലുള്ള ഖത്മ് ദുആ സദസ്സോടെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന മമ്പുറം ആണ്ടുനേർച്ചയ്ക്ക് പരിസമാപ്തിയാവും.