കാലിക്കറ്റ് സർവകലാശാല പരിസരത്തെ എംഡിഎംഎ കേസ്; നാല് മാസത്തിന് ശേഷം മുഖ്യപ്രതി മുഹമ്മദ് ജാസിർ അറസ്റ്റിൽ

ചേലേമ്പ്ര: കാലിക്കറ്റ് സർവകലാശാല പരിസരത്ത് വൻ എംഡിഎംഎ ശേഖരം പിടികൂടിയ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതികളിലൊരാളായ ചേലേമ്പ്ര സ്വദേശി മുഹമ്മദ് ജാസിറിനെ നാല് മാസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് തേഞ്ഞിപ്പലം പൊലീസ് ഇയാളെ പിടികൂടിയത്.

ഫെബ്രുവരി 10-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചേലേമ്പ്ര സ്വദേശി അസീസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1031.13 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുവാണിതെന്ന് പൊലീസ് അറിയിച്ചു.

അന്നത്തെ പരിശോധനയിൽ ജാസിറിന്റെ മാതാപിതാക്കളായ അസീസ്, ഖമറുന്നീസ, സുഹൃത്ത് സലാഹുദ്ധീൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ ജാസിറിനെക്കുറിച്ചുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ബംഗളൂരുവിൽ നിന്ന് ഇയാൾ പിടിയിലായത്.

പരിശോധനയിൽ 21 ലക്ഷം രൂപ, അഞ്ച് ഇലക്ട്രോണിക് ത്രാസുകൾ, വോക്കി ടോക്കികൾ, ഗ്യാസ് ബർണർ എന്നിവയും പൊലീസ് പിടിച്ചെടുത്തിരുന്നു. സർവകലാശാലാ പരിസരം കേന്ദ്രീകരിച്ച് ജാസിറും കുടുംബവും രാസലഹരിവസ്തു വിൽപ്പന നടത്തിയിരുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ്.

കേസിൽ അറസ്റ്റിലായ അസീസിനെ തവനൂർ ജയിലിലേക്കും ഖമറുന്നീസയെ മഞ്ചേരി ജില്ലാ ജയിലിലേക്കും റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ 50 ദിവസത്തിനിടെ തേഞ്ഞിപ്പലം പൊലീസ് പിടികൂടുന്ന രണ്ടാമത്തെ വൻ എംഡിഎംഎ വേട്ട കൂടിയാണിത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}