വേങ്ങര: ഫിത്‌നകളുടെ കാലത്ത് സത്യവും അസത്യവും തിരിച്ചറിയാൻ മതവിജ്ഞാനം അനിവാര്യമാണെന്നും, അത് ആധികാരിക പണ്ഡിതന്മാരിൽ നിന്നും വിശ്വസനീയമായ വിജ്ഞാന സ്രോതസ്സുകളിൽ നിന്നും കരസ്ഥമാക്കാൻ ശ്രദ്ധിക്കണമെന്നും പ്രമുഖ പണ്ഡിതനും ജാമിഅ അൽ ഹിന്ദ് ഡയറക്ടറുമായ ഫൈസൽ മൗലവി അഭിപ്രായപ്പെട്ടു.
വിസ്ഡം യൂത്ത് വേങ്ങര ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബ വിജ്ഞാന വേദിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വേങ്ങര ദാറുൽ ഹിക്മ സലഫി മസ്ജിദിൽ നടന്ന പരിപാടിയിൽ സമൂഹത്തിൽ വ്യാപകമാകുന്ന വിവിധ ഫിത്‌നകളെയും കക്ഷിവാദ പ്രവണതകളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഖുർആനും സുന്നത്തും മുറുകെപ്പിടിച്ചുകൊണ്ട്സലഫുസ്സ്വാലിഹീന്റെ മാർഗത്തിൽ ഉറച്ചുനിൽക്കുന്നതാണ് ഇത്തരം ഫിത്‌നകളിൽ നിന്ന് രക്ഷനേടാനുള്ള മാർഗമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ പങ്കെടുത്തവർക്കായി സംശയനിവാരണ സെഷനും സംഘടിപ്പിച്ചു. കുടുംബസമേതം എത്തിയ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.