വേങ്ങര: വേങ്ങര-വലിയോറ-കൂരിയാട് പി.ഡബ്ല്യു.ഡി റോഡിന്റെ ഇരുവശങ്ങളിലും കാടുകയറി കിടന്നത് മൂലം യാത്രക്കാർ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുന്നു. റോഡ് വശങ്ങളിലെ കാടുകൾ വെട്ടിത്തെളിയിക്കുന്ന പ്രവൃത്തികൾക്ക് ഇന്ന് തുടക്കമായി.
റോഡിന്റെ ഇരുവശങ്ങളിലും വളർന്നുനിന്ന കാട് യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും വലിയ പ്രയാസമാണ് സൃഷ്ടിച്ചിരുന്നത്. ഇത് അപകടസാധ്യത വർദ്ധിപ്പിക്കുന്നതായും പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര നടപടി ആവശ്യപ്പെട്ട് വേങ്ങര ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ.കെ., വാർഡ് മെമ്പർമാരായ എം.പി. അഹ്മദ്, ഷകീന തൂമ്പിൽ എന്നിവർ പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം പരപ്പനങ്ങാടി അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിവേദനം നൽകിയത്.
ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്ന് നടപടി സ്വീകരിച്ച പി.ഡബ്ല്യു.ഡി അധികൃതർ, വേങ്ങര ഭാഗത്തുനിന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. റോഡ് വശങ്ങളിലെ കാടുകൾ നീക്കം ചെയ്യുന്നതോടെ വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും കൂടുതൽ സുരക്ഷിതമായി സഞ്ചരിക്കാൻ സാധിക്കും.