ഊരകം: പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ പ്രശിക്ഷൻ മഹാഭിയാന്റെ ഭാഗമായി ബിജെപി പറപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന പഠന ശിബിരം സമാപിച്ചു. മിനി ഊട്ടി ഹിൽ ഗാർഡൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ബിജെപി പാലക്കാട് മേഖല പ്രസിഡന്റ് കെ. നാരായണൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൗൺസിലർ എം.കെ. ജയകുമാർ പതാക ഉയർത്തിയതോടെയാണ് ശിബിരത്തിന് തുടക്കമായത്. മണ്ഡലം പ്രസിഡന്റ് സി. ബാബുരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യോഗ പരിശീലകൻ അനിൽ പട്ടയലിന്റെ നേതൃത്വത്തിൽ യോഗാഭ്യസവും നടന്നു.
വിവിധ വിഷയങ്ങളിൽ ക്ലാസുകൾ
പാർട്ടിയുടെ അടിസ്ഥാന ആശയങ്ങൾ, ചരിത്രവും വികാസവും, കാര്യപദ്ധതികൾ, സംഘടന വിപുലീകരണം, മിഷൻ 2029, മീഡിയയും സോഷ്യൽ മീഡിയയും, മോദി സർക്കാരിന്റെ 12 വർഷത്തെ നേട്ടങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ബിജെപി ജില്ലാ പ്രസിഡന്റ് പി. സുബ്രഹ്മണ്യൻ ക്ലാസുകൾ നയിച്ചു. ദിനേശൻ ഐക്കരപ്പടി, ബി. രതീഷ്, പി.പി. ഗണേശൻ, കെ. രാമചന്ദ്രൻ, വിജയകുമാർ കാടാമ്പുഴ തുടങ്ങിയ നേതാക്കളും വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
ബിജെപി സംസ്ഥാന കൗൺസിലർ എ.പി. ഉണ്ണി, മണ്ഡലം ജനറൽ സെക്രട്ടറി കെ.എം. മധുസൂദനൻ, വൈസ് പ്രസിഡന്റ് പി. അറുമുഖൻ എന്നിവർ ശിബിരത്തിന് നേതൃത്വം നൽകി. വന്ദേമാതര ഗീതത്തോടെ ആരംഭിച്ച പഠന ശിബിരം ദേശീയ ഗാനാലാപനത്തോടെയാണ് സമാപിച്ചത്.