വേങ്ങര: തിരൂരങ്ങാടി താലൂക്കിലെ വില്ലേജ് ഓഫീസുകളിൽ നിന്ന് കൈവശ സർട്ടിഫിക്കറ്റും കെട്ടിട നികുതി (കെ.ബി.ടി) സാക്ഷ്യപത്രവും ലഭിക്കുന്നതിനായി നിർബന്ധിത സ്ഥലപരിശോധന ഏർപ്പെടുത്തിയ നടപടി പൊതുജനങ്ങളെയും ലൈസൻസ്ഡ് എഞ്ചിനീയർമാരെയും ദുരിതത്തിലാക്കുന്നതായി ലെൻസ്ഫെഡ് വേങ്ങര ഏരിയ കമ്മിറ്റി. സേവനങ്ങൾക്കായി അപേക്ഷ സമർപ്പിക്കുമ്പോൾ നടത്തുന്ന അനാവശ്യ സ്ഥലപരിശോധന അടിയന്തരമായി ഒഴിവാക്കണമെന്നും അധികൃതർ ഏകീകൃത മാർഗനിർദേശം പുറപ്പെടുവിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നിലവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന കെട്ടിട ഉപയോഗാനുമതി സർട്ടിഫിക്കറ്റിന്റെയും (Occupancy Certificate) കംപ്ലീഷൻ പ്ലാനിന്റെയും അടിസ്ഥാനത്തിലാണ് കെട്ടിട നികുതി നിർണയിക്കുന്നത്. റവന്യൂ വകുപ്പിന്റെ ജോലിഭാരം കുറയ്ക്കുന്നതിനും സേവനങ്ങൾ സുഗമമാക്കുന്നതിനുമായി സർക്കാർ നടപ്പാക്കിയ ഈ സംവിധാനം നിലവിലിരിക്കെ, വില്ലേജ് ഓഫീസുകൾ വീണ്ടും സ്ഥലപരിശോധന നടത്തുന്നത് അപേക്ഷകർക്ക് അനാവശ്യ കാലതാമസവും സാമ്പത്തിക ബാധ്യതയും വരുത്തുന്നുണ്ടെന്ന് ലെൻസ്ഫെഡ് ചൂണ്ടിക്കാട്ടി.
കൂടാതെ, വിവിധ വില്ലേജ് ഓഫീസുകളിൽ വ്യത്യസ്ത രീതികളാണ് പിന്തുടരുന്നത്. ഇത് സേവന വിതരണത്തിൽ അസമത്വത്തിനും പൊതുജനങ്ങൾക്കിടയിൽ വലിയ ആശയക്കുഴപ്പത്തിനും കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ റവന്യൂ വകുപ്പും സർക്കാരും അടിയന്തരമായി ഇടപെട്ട് ഏകീകൃത സ്വഭാവത്തിലുള്ള നടപടിക്രമങ്ങൾ നടപ്പിലാക്കണമെന്നും സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ലെൻസ്ഫെഡ് വേങ്ങര ഏരിയ പ്രസിഡന്റ് ഇസ്മായിൽ കെ. സി. അധ്യക്ഷത വഹിച്ച യോഗം ജില്ലാ ട്രഷറർ പി. കെ. റിയാസൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം വി. കെ. എ. റസാഖ്, ജില്ലാ കമ്മിറ്റി അംഗം നൗഫൽ എ. യു., ഏരിയ ഭാരവാഹികളായ സഹീർ അബ്ബാസ് നടക്കൽ, അനീസ് ടി. കെ., ശംസുദ്ധീൻ ഇ. വി., സക്കീറലി എ., അസ്ലം, മുഹ്സിൻ എ. പി., അനുവർ എം തുടങ്ങിയവർ സംസാരിച്ചു.