മാറാക്കര: പുതുവർഷത്തിന്റെ ആവേശത്തിരയിളക്കത്തിൽ എ.യു.പി.എസ് മാറാക്കരയിൽ 2026-2027 അധ്യയന വർഷത്തെ പ്രവേശനോത്സവം ഹൃദ്യമായ ചടങ്ങുകളോടെ ആഘോഷിച്ചു. പുതിയ അറിവിന്റെ ലോകത്തേക്ക് കാലെടുത്തു വെച്ച നവാഗതരെ വലിയൊരു ആഘോഷത്തോടെയാണ് വിദ്യാലയം വരവേറ്റത്.
രാവിലെ 10:30-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാറാക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എസ്. ലത ടീച്ചർ പ്രവേശനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് പ്രവീൺ പി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് സരസ്വതി ടീച്ചർ സ്വാഗതം ആശംസിച്ചു. വിദ്യാലയ മാനേജർ പി.എം. നാരായണൻ നമ്പൂതിരി മാസ്റ്റർ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. ടി.എം. കൃഷ്ണദാസ്, പി.വി. നാരായണൻ നമ്പൂതിരി, പി.പി. മുജീബ് റഹ്‌മാൻ, പി.എം. തമീം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് നടന്ന പഠനോപകരണ വിതരണോദ്ഘാടനം ശ്രദ്ധേയമായി. നവാഗതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന്, വിദ്യാർത്ഥിനി അമേയ പി.എ സദസ്സിന് സൈബർ സെക്യൂരിറ്റി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്കൂളിൽ ഒരുക്കിയ മനോഹരമായ ഘോഷയാത്രയും കുട്ടികളുടെ വിവിധ കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് കുട്ടികൾക്ക് മധുരപലഹാരങ്ങളും പായസവും നൽകി വരവേറ്റു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി തമീം പി.എം നന്ദി പ്രകാശിപ്പിച്ചു.