തിരൂരങ്ങാടി: മമ്പുറം തങ്ങന്മാരുടെ ചരിത്രം പുനഃവായിക്കണമെന്നും കൂടുതൽ ഗവേഷണങ്ങൾക്ക് വിധേയമാക്കണമെന്നും സെമിനാർ.
188-ാം മമ്പുറം ആണ്ടുനേർച്ചയുടെ ഭാഗമായി മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഹെരിറ്റേജ് സ്റ്റഡീസ് സംഘടിപ്പിച്ച 'മലബാറിന്റെ ജാതിവിരുദ്ധ മുന്നേറ്റങ്ങളും മമ്പുറം തങ്ങന്മാരും' സെമിനാർ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.
മലബാറിലെ തങ്ങള്‍ പാരമ്പര്യവും ജാതിവിരുദ്ധ സാമൂഹിക ജീവിതവും എന്ന വിഷയത്തിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്ര വിഭാഗം പ്രൊഫ. ഡോ. കെ.എസ്. മാധവന്‍ സംസാരിച്ചു. മാനുഷിക പരിഗണന നിഷേധിക്കപ്പെട്ടിരുന്ന കീഴാള ജനതക്ക് അന്തസ്സും അഭിമാനവും നൽകുന്നതിൽ മമ്പുറം തങ്ങന്മാരുടെ പങ്ക് നിർണായകമാണെന്നും ബഹുസ്വര സമൂഹത്തിൽ ഇസ്‌ലാമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവിക്കുകയും സാമൂഹിക സമത്വം സാധ്യമാക്കുകയും ചെയ്തവരാണ് മമ്പുറം തങ്ങന്മാരെന്നും അദ്ദേഹം പറഞ്ഞു. ഒരേ സമയം മലബാറിലെ മുസ്‌ലിംകളെ ആത്മീയ നവീകരണ പ്രവർത്തനങ്ങളിലൂടെ പരിഷ്‌കരിക്കുകയും മാനവിക ചിന്തകൾ ജനകീയമാക്കുകയും ചെയ്ത മമ്പുറം തങ്ങന്മാരുടെ ജീവിതം പുതിയ കാലത്ത് കൂടുതൽ പ്രാധാന്യമുള്ളതാണെന്നും പ്രൊഫ. മാധവൻ അഭിപ്രായപ്പെട്ടു.
ജാതി അടിമത്ത വിമോചനവും പത്തൊമ്പതാം നൂറ്റാണ്ടും എന്ന വിഷയത്തിൽ എം.ജി യൂനിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് പ്രൊഫ. ഡോ. രാജേഷ് കോമത്തും സൂഫികളും കേരള സാമൂഹിക രൂപീകരണവും വിഷയത്തിൽ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും മമ്പുറം തങ്ങളുടെ സാമൂഹിക ചിന്തകളെ കുറിച്ച് ഡല്‍ഹി ശിവ് നാടാര്‍ യൂനിവേഴ്സിറ്റി അസി. പ്രൊഫ. ഡോ. പി.സി. സൈതലവിയും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
പ്രഥമ മമ്പുറം തങ്ങള്‍ പൈതൃക പുരസ്‌കാര ജേതാവ് കെ. അബൂബക്കറിന് മന്ത്രി കെ.എം. ഷാജി പുരസ്‌കാരം കൈമാറി. അമ്പത് വര്‍ഷത്തോളമായി മമ്പുറം തങ്ങളുടെ വീട് പുല്ല് മേയുന്ന ബാലനെ ആദരിച്ചു. യു. ശാഫി ഹാജി ചെമ്മാട്, ഡോ. മോയിൻ ഹുദവി മലയമ്മ, റശീദ് ഹുദവി ഏലംകുളം പങ്കെടുത്തു. ദാറുൽഹുദാ പൊതു വിദ്യാഭ്യാസ വിഭാഗം CPETന് കീഴിൽ ഹാഫിളീങ്ങളുടെ കൂട്ടായ്മ ഉത്റുജ്ജ സംഘടിപ്പിക്കുന്ന ഖുർആനിക് കോൺഫറൻസ് ഇന്ന് 9 മണിക്ക് മമ്പുറത്ത് നടക്കും. ഡോ, ബഹാഉദ്ദീ ൻ മുഹമ്മദ് നദ്വി, എം പി മുസ്തഫൽ ഫൈസി, സലാം ഫൈസി ഒളവട്ടൂർ, എ പി മുസ്തഫ ഹുദവി അരൂർ, നിയാസ് ഹുദവി മൂന്നിയൂർ എന്നിവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് ചെയ്യാം. 7510111900, 8281679900