ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. വെസ്റ്റ് ഹിൽ കോനാട് ബീച്ചിൽ നാല്കുടി പറമ്പിൽ സന്ധ്യ (36) ആണ് മരണപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു.
രാമനാട്ടുകരയിലുള്ള 'ആയുർ രത്നം' എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ഇവർ. കഴിഞ്ഞ ദിവസം രാവിലെ പതിവുപോലെ ജോലിക്ക് പോയ സന്ധ്യയെ വൈകീട്ടായിട്ടും കാണാതാവുകയായിരുന്നു. തുടർന്ന് ഇവർക്കായി ബന്ധുക്കൾ തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.
ഇതിനിടെ കോഴിക്കോട് വെള്ളയിൽ പോലീസ് സ്റ്റേഷനിൽ കാണാതായതായി കാണിച്ച് ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു. ഇതിനിടെയാണ് ഇന്നലെ രാത്രിയോടെ ഫറോക്ക് പഴയ പാലത്തിന് മുകളിൽ നിന്നും യുവതി പുഴയിലേക്ക് ചാടിയത്. ഈ വഴി കടന്നുപോയ ഓട്ടോറിക്ഷ ഡ്രൈവർ സംഭവം നേരിട്ട് കണ്ട് വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് പുഴയിൽ രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു.
എന്നാൽ രാത്രി മൃതദേഹം കണ്ടെത്തിയില്ല. ഇന്ന് പുലർച്ചെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.