ഇന്ധനവിലയിൽ ആശ്വാസം; പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ച് നയാര എനർജി

കൊച്ചി: പെട്രോൾ വില ലീറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും വെട്ടിക്കുറച്ച് രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ എണ്ണവിതരണക്കമ്പനി നയാര എനർജി. രാജ്യത്ത് 7000 പെട്രോൾ പമ്പുകളുള്ള എണ്ണക്കമ്പനിയാണ് നയാര എനർജി. കഴിഞ്ഞ ഒന്നരവർഷത്തിനിടെ മാത്രം 500 പുതിയ പമ്പുകൾ കമ്പനി തുറന്നിരുന്നു.

പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് രാജ്യാന്തര ക്രൂഡോയിൽ വില കൂടിയതിന് ആനുപാതികമായി ഇന്ധനവില കൂട്ടിയ കമ്പനിയാണ് നയാരയും. കഴിഞ്ഞ മാർച്ചിൽ‌ ഡീസലിന് 3 രൂപയും പെട്രോളിന് 5 രൂപയും കൂട്ടിയിരുന്നു. ഇതാണ് ഇപ്പോൾ ക്രൂഡോയിൽ വില കുറഞ്ഞതിനാൽ വെട്ടിക്കുറച്ചത്.

യുദ്ധം ആരംഭിച്ചശേഷം ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഒരു കമ്പനി കുറയ്ക്കുന്നത് ഇതാദ്യമാണ്. അതേസമയം പൊതുമേഖലാ എണ്ണക്കമ്പനികൾ 3 തവണയായി പെട്രോളിന് 7.5 രൂപ കൂട്ടിയിരുന്നു. ആനുപാതിക വിലവർധന ഡീസലിനുമുണ്ടായി. ഇവർ എന്ന് ഇനി പെട്രോൾ, ഡീസൽ വില കുറയ്ക്കുമെന്ന ചോദ്യമാണ് നയാര എനർജിയുടെ നടപടിക്ക് പിന്നാലെ ഉയരുന്നത്. നിലവിൽ പെട്രോളിന് 115.49 രൂപയും ഡീസലിന് 104.40 രൂപയുമാണ് വില (തിരുവനന്തപുരം).

യുദ്ധത്തെ തുടർന്ന് ക്രൂഡോയിൽ വില ബാരലിന് 110-120 ഡോളർ നിലവാരത്തിലേക്ക് കയറിയിരുന്നു. ഇപ്പോൾ വില 70-73 ഡോളറിലാണ്. ഒരുവേള 70 ഡോളറിന് താഴെയുമെത്തിയിരുന്നു. ക്രൂഡോയിൽ വില കൂടിയപ്പോൾ എണ്ണക്കമ്പനികൾക്ക് പ്രതിദിനം 700-1000 കോടി രൂപ നഷ്ടമുണ്ടായെന്ന് അടുത്തിടെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. എണ്ണവില കുറയ്ക്കാൻ വൈകിയേക്കുമോ എന്ന ആശങ്കയാണ് ഇതു ഉയർത്തുന്നത്.

ഇന്ത്യയിലെ പെട്രോൾ പമ്പുകളിൽ 90 ശതമാനവും പൊതുമേഖലാ എണ്ണവിതരണക്കമ്പനികളായ ഐഒസി, എച്ച്പിസിഎൽ, ബിപിസിഎൽ എന്നിവയുടേതാണ്. അതേസമയം, ഇന്ന് പ്രാബല്യത്തിൽ വന്നവിധം എൽപിജി വിലയിൽ മാറ്റംവരുത്താൻ എണ്ണക്കമ്പനികൾ തയാറായിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}