കുറ്റാളൂർ: വിദ്യാർത്ഥികളുടെ സർവതോമുഖ വികസനവും ജനാധിപത്യ മൂല്യങ്ങളും ലക്ഷ്യമാക്കി കുറ്റാളൂർ എ.എം.എ.ൽ.പി. സ്കൂളിൽ നവീന പദ്ധതികൾക്ക് തുടക്കമായി. സ്കൂളിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച 'റേഡിയോ മിഠായി' എന്ന സ്കൂൾ റേഡിയോയുടെയും നവീകരിച്ച ലൈബ്രറിയുടെയും ഉദ്ഘാടനവും സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പും ശ്രദ്ധേയമായി.
പരിപാടിയിൽ പി.ടി.എ. പ്രസിഡന്റ് സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് റഹ്‌യാനാബി കെ.വി. സ്വാഗതം പറഞ്ഞു. തുടർന്ന് 'റേഡിയോ മിഠായി' യുടെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ നിർവഹിച്ചു.
സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലേക്കും ഒരേസമയം വാർത്തകളും അറിയിപ്പുകളും വിദ്യാർത്ഥികളുടെ അവതരണങ്ങളും സംപ്രേഷണം ചെയ്യാൻ കഴിയുന്ന ആധുനിക സംവിധാനത്തോടെയാണ് റേഡിയോ ഒരുക്കിയിരിക്കുന്നത്.
നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം ഊരകം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൻസൂർ തമ്മാഞ്ചേരി നിർവഹിച്ചു. വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും വിജ്ഞാനലോകത്തേക്ക് വിദ്യാർത്ഥികളെ കൂടുതൽ അടുപ്പിക്കുന്നതിനുമായി ആധുനിക സൗകര്യങ്ങളോടെയാണ് ലൈബ്രറി നവീകരിച്ചിരിക്കുന്നത്.
തുടർന്ന് നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഹൈടെക് സംവിധാനത്തിലായിരുന്നു. വോട്ടർ പട്ടിക തയ്യാറാക്കൽ, തിരിച്ചറിയൽ പരിശോധന, വോട്ടെടുപ്പ്, വോട്ടെണ്ണൽ തുടങ്ങി തിരഞ്ഞെടുപ്പിന്റെ മുഴുവൻ നടപടിക്രമങ്ങളും വിദ്യാർത്ഥികൾ തന്നെ ഏറ്റെടുത്തത് പരിപാടിയുടെ പ്രധാന ആകർഷണമായി. ഈ തിരഞ്ഞെടുപ്പിന്റെ ജനറൽ ഇലക്ഷൻ ഫലപ്രഖ്യാപനം വാർഡ് മെമ്പർ ഷെക്കീല അത്തോളി നിർവഹിച്ചു.
ഫലപ്രഖ്യാപനത്തിൽ മുഹമ്മദ് റിയാൻ വിജയം നേടി. തുടർന്ന് 'റേഡിയോ മിഠായി' എന്ന പേര് നിർദേശിച്ച വ്യക്തിക്കുള്ള സമ്മാനം സ്കൂൾ മാനേജർ ചെറീത് ഹാജി വിതരണം ചെയ്തു.
ചടങ്ങിൽ യുവ എഴുത്തുകാരി നിസാറ കല്ലുങ്ങൽ, മുൻ ഹെഡ്മിസ്ട്രസ് ഡാലി ടീച്ചർ, മാനേജ്മെന്റ് പ്രതിനിധി മുജീബ്, എം.ടി.എ. പ്രസിഡന്റ് വിചിത്ര, പി.ടി.എ. വൈസ് പ്രസിഡന്റ് കബീർ, ഊരകം അഞ്ചാം വാർഡ് മെമ്പർ സെലീന എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രഘു മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.
വിദ്യാർത്ഥികളുടെ നേതൃത്വശേഷി, ജനാധിപത്യബോധം, വായനാശീലം, ആശയവിനിമയ മികവ് എന്നിവ വളർത്തുന്ന പ്രവർത്തനങ്ങൾ ഒരേ വേദിയിൽ അവതരിപ്പിച്ച കുറ്റാളൂരിന്റെ ഈ സംരംഭങ്ങൾ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പ്രശംസ ഏറ്റുവാങ്ങി.