വേങ്ങര: ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കായി വേങ്ങര ഗ്രാമപഞ്ചായത്ത് പ്രത്യേക UDID രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 2 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് ക്യാമ്പ് നടക്കുക.
പഞ്ചായത്തിലെ ഭിന്നശേഷി ക്ഷേമ കോൾ സെന്ററിലേക്ക് ലഭിച്ച പരാതികളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മെഡിക്കൽ സർട്ടിഫിക്കറ്റും UDID രജിസ്ട്രേഷനും പൂർത്തിയാക്കാത്തവർക്കും, രജിസ്റ്റർ ചെയ്തിട്ടും കാർഡ് ലഭിക്കാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ക്യാമ്പിന്റെ നടത്തിപ്പിനായി വേങ്ങര മലബാർ കോളേജ് എൻ.എസ്.എസ് (NSS) യൂണിറ്റ് വോളണ്ടിയർമാർക്ക് നേരത്തെ പ്രത്യേക പരിശീലനം നൽകിയിരുന്നു.
ക്യാമ്പിന് മുന്നോടിയായി ഗുണഭോക്താക്കൾക്കായി നടത്തിയ അവബോധ ക്ലാസ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ.കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജില്ലാ സാമൂഹ്യനീതി വകുപ്പ് പ്രതിനിധി മർവ ക്ലാസിന് നേതൃത്വം നൽകി.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാദിഖ് കോടിയാട്ട്, കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് മലപ്പുറം ജില്ലാ പ്രസിഡന്റ് സുധീർ മാഷ്, വാർഡ് അംഗങ്ങളായ ഹനീഫ കെ.കെ, ചന്ദ്രമോഹനൻ, സക്കീന ശംസു, ഫസീല ഇർഷാദ്, മജീദ് എ.കെ., സുമയ്യ, സക്കീന തൂമ്പിൽ, ജംഷിയ ചീരങ്ങൻ എന്നിവർ പങ്കെടുത്തു.