തിരൂരങ്ങാടി: തിരൂരങ്ങാടി പോലീസ് സ്റ്റേഷനെ കൽപകഞ്ചേരി സർക്കിളിന് കീഴിൽ ഉൾപ്പെടുത്താനുള്ള പോലീസ് വകുപ്പിന്റെ നിർദേശത്തിൽ നിന്ന് പിന്മാറണമെന്നും, പകരം തിരൂരങ്ങാടി ആസ്ഥാനമായി പുതിയ സർക്കിൾ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി.
നിയോജക മണ്ഡലം ചെയർമാൻ മൊയ്ദീൻ കുട്ടി മാട്ടറയുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്. സംസ്ഥാനത്ത് പോലീസ് സർക്കിൾ സംവിധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയാണ് തിരൂരങ്ങാടി സ്റ്റേഷനെ കൽപകഞ്ചേരി സർക്കിളിന് കീഴിലാക്കാൻ ശുപാർശ നൽകിയിരുന്നത്.
സാധാരണക്കാർക്ക് വലിയ പ്രയാസമുണ്ടാക്കും
ഈ നിർദേശം നടപ്പിലായാൽ തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിലുള്ള സാധാരണക്കാർക്ക് പരാതികളും മറ്റുമായി കിലോമീറ്ററുകൾ താണ്ടി കൽപകഞ്ചേരിയിൽ എത്തേണ്ടി വരുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അബ്ദുറഹിമാൻ നഗർ, ചേളാരി തുടങ്ങിയ ദൂരസ്ഥലങ്ങളിൽ നിന്ന് 30 കിലോമീറ്ററോളം സഞ്ചരിച്ചാൽ മാത്രമേ കൽപകഞ്ചേരിയിൽ എത്താൻ സാധിക്കൂ. ഇത് വലിയ യാത്രാദുരിതത്തിന് വഴിവെക്കുമെന്നും നേതാക്കൾ പറഞ്ഞു.
വർഷങ്ങളായി സർക്കിൾ ഓഫീസ് പ്രവർത്തിച്ചുപോന്ന തിരൂരങ്ങാടിയിൽ തന്നെ സർക്കിൾ നിലനിർത്തുന്നതാണ് ഏക പരിഹാരമെന്നും, ഇതിനായുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.
കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ചെയർമാൻ സക്കീർ ഹുസൈൻ, ജില്ലാ ജനറൽ സെക്രട്ടറി കരിം കാബ്രൻ, നിയോജക മണ്ഡലം ഭാരവാഹികളായ റാഫി കൊളക്കാട്ടിൽ, ഫൈസൽ കാരാടൻ എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.