വേങ്ങര:
ലെൻസ് ഫെഡ് വേങ്ങര ഏരിയ കമ്മിറ്റിയുടെയും വേങ്ങര ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കായി സൗജന്യ മലമ്പനി സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അതിഥി തൊഴിലാളികൾക്കിടയിൽ മലമ്പനി രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ, ആരോഗ്യവകുപ്പ് ജൂലൈ 16 മുതൽ 29 വരെ നടപ്പിലാക്കുന്ന മലമ്പനി രോഗനിർണയ ക്യാമ്പയിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വേങ്ങര അൽ സലാമ ഹോസ്പിറ്റൽ പരിസരത്ത് വെച്ച് നടന്ന ക്യാമ്പ് വേങ്ങര ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ വാർഡ് മെമ്പർ ജംഷിയ ചിരങ്ങൻ, ലെൻസ് ഫെഡ് വേങ്ങര ഏരിയ പ്രസിഡന്റ് ഇസ്മായിൽ കെ.സി., ജില്ലാ ട്രഷറർ റിയാസലി പി.കെ., സംസ്ഥാന സമിതി അംഗം വി.കെ.എ. റസാഖ്, ജില്ലാ ഭാരവാഹികളായ നൗഷാദലി, നൗഫൽ എ.യു., ഏരിയ സെക്രട്ടറി സഹീർ അബ്ബാസ് നടക്കൽ, അനീസ് ടി.കെ., ഷംസുദ്ധീൻ ഇ.വി., സക്കീറലി എ., അസ്‌ലം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണം ക്യാമ്പിൽ അതിഥി തൊഴിലാളികൾക്ക് സൗജന്യ രക്തപരിശോധനയും ആരോഗ്യബോധവത്കരണവും നൽകി. പരിശോധനയ്ക്ക് ശേഷം കൃത്യമായ റിപ്പോർട്ട് കാർഡും വിതരണം ചെയ്തു.
അതിഥി തൊഴിലാളികളിൽ മലമ്പനി രോഗം പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കാനും അതുവഴി രോഗവ്യാപനം തടയാനും ഇത്തരം ക്യാമ്പുകൾ ഏറെ സഹായകരമാണെന്ന് സംഘാടകർ വ്യക്തമാക്കി.