വയോജന ക്ഷേമത്തിൽ വേങ്ങര സായംപ്രഭ ഹോം ഇനി പാഠപുസ്തകങ്ങളിലും; അഭിമാന നേട്ടവുമായി വേങ്ങര

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വയോജന ക്ഷേമ പദ്ധതിയായ 'സായംപ്രഭ ഹോമുകൾ' ഹയർ സെക്കൻഡറി പ്ലസ് വൺ സോഷ്യൽ വർക്ക് പാഠപുസ്തകത്തിൽ ഇടംപിടിച്ചു. വയോജന സാമൂഹ്യപ്രവർത്തനം എന്ന പാഠഭാഗത്താണ് സായംപ്രഭ ഹോമുകളെക്കുറിച്ചുള്ള കേസ് സ്റ്റഡി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനായി വേങ്ങര ഗ്രാമപഞ്ചായത്തിലെ സായംപ്രഭ ഹോമിന്റെ ചിത്രമാണ് പാഠപുസ്തകത്തിൽ നൽകിയിരിക്കുന്നത്.

ആധുനിക കാലഘട്ടത്തിൽ വയോജനങ്ങൾ നേരിടുന്ന ഏകാന്തതയ്ക്കും മാനസിക സമ്മർദ്ദങ്ങൾക്കും പരിഹാരമായി സായംപ്രഭ ഹോമുകൾ നടപ്പിലാക്കുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ ഈ പാഠഭാഗം സഹായിക്കും. ശരാശരി ആയുസ്സ് വർധിക്കുന്ന സാഹചര്യത്തിൽ, കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്നും അണുകുടുംബങ്ങളിലേക്കുള്ള മാറ്റം വയോജനങ്ങളെ വലിയ തോതിൽ ഒറ്റപ്പെടുത്തുന്നുണ്ട്. ഈ പ്രതിസന്ധിയെ മറികടക്കാൻ സായംപ്രഭ ഹോമുകൾ നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണ്.

വയോജനങ്ങൾക്കായി മാനസിക ഉല്ലാസം, സാമൂഹിക ഇടപെടൽ, ആരോഗ്യപരിപാലനം, സാംസ്കാരിക-വിനോദ പ്രവർത്തനങ്ങൾ എന്നിവ ഉറപ്പുവരുത്തുന്നതിൽ സായംപ്രഭ ഹോമുകൾ നിർണായക പങ്ക് വഹിക്കുന്നുവെന്ന് വേങ്ങര സായംപ്രഭ ഹോമിലെ കെയർ ഗീവർ ഇബ്രാഹീം എ.കെ ചൂണ്ടിക്കാട്ടി. പാഠപുസ്തകത്തിൽ ഈ പദ്ധതിയെ ഉൾപ്പെടുത്തിയത് ഭാവിയിലെ സോഷ്യൽ വർക്ക് പ്രൊഫഷണലുകൾക്ക് വയോജന ക്ഷേമത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ വലിയ പ്രചോദനമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തെ പൂർണ്ണമായും വയോജന സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനായി, ഇതുവരെ സായംപ്രഭ ഹോമുകൾ ആരംഭിക്കാത്ത എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പദ്ധതി എത്രയും വേഗം നടപ്പിലാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}