മലപ്പുറം: കർക്കടകത്തിലെ തിരിമുറിയാത്ത മഴയെത്തുന്നു. ഞായർ വരെ ജില്ലയിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെയും മറ്റന്നാളും ജില്ലയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ വൈകിട്ടോടെ മഴ ശക്തമാകും. ഇന്നലെ ജില്ലയിൽ 16.4 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കാരണമാണ് ഇപ്പോൾ ജില്ലയിൽ മഴ പെയ്യുന്നത്.
കുറച്ചു ദിവസങ്ങളായി ജില്ലയിൽ ലഭിക്കുന്നത് പെയ്തു പായുന്ന മഴകളാണ്. വീട്ടിനകത്തിരിക്കുമ്പോൾ നല്ല വെയിൽ കണ്ട് പുറത്തിറങ്ങുമ്പോഴേക്കും പെരുമഴ പെയ്തു നനഞ്ഞുകുതിരും. തിരിച്ചുകയറുമ്പോഴേക്കും മഴ തോരും. കാറ്റിന്റെ ശക്തിക്കനുസരിച്ച് ഇടവിട്ട് കടലുകടന്നെത്തുന്ന ചെറുമേഘങ്ങളാണ് ഇപ്പോൾ പെയ്യുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകൻ ശരത്കുമാർ പറഞ്ഞു.
ഈ ‘ഷോർട്ട് സ്പെൽ’ മഴകളെ ‘പാസിങ് ഷവർ’ എന്നാണ് വിളിക്കുക. പരമാവധി രണ്ടോ മൂന്നോ മിനിറ്റ് നീളുന്ന മഴയാണിത്.
അതേസമയം അടുത്ത ദിവസങ്ങളിൽ ന്യൂനമർദം ശക്തമാകുന്നതിനാൽ വലിയ മേഘങ്ങളാണ് ജില്ലയിലേക്ക് കടന്നുവരാനിരിക്കുന്നത്. അതോടെ നാളെ മുതൽ ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു.