പരപ്പനങ്ങാടി: തിരൂരങ്ങാടി–പരപ്പനങ്ങാടി നഗരസഭകളെ ബന്ധിപ്പിക്കുന്ന നാടുകാണി പാതയിലെ പാലത്തിങ്ങൽ പാലത്തിലെ ലൈറ്റുകൾ മാസങ്ങളായി പ്രവർത്തനരഹിതമായിരിക്കെ, ലൈറ്റുകൾ പൂർണമായി പ്രവർത്തനക്ഷമമാക്കാതെ തന്നെ അറ്റകുറ്റപ്പണി പൂർത്തിയായതായി നഗരസഭ മറുപടി നൽകിയതായി പരാതി.
മനുഷ്യാവകാശ പ്രവർത്തകനും മലപ്പുറം ജില്ലാ വാഹനാപകട നിവാരണ സമിതി ജില്ലാ ജനറൽ സെക്രട്ടറിയുമായ അബ്ദുൽ റഹീം പൂക്കത്ത് പാലത്തിലെ എല്ലാ ലൈറ്റുകളും അടിയന്തരമായി പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് പരപ്പനങ്ങാടി നഗരസഭാ സെക്രട്ടറി ബൈജുവിന് നിവേദനം നൽകിയിരുന്നു. തുടർന്ന് കരാറുകാരൻ ലൈറ്റുകൾ പ്രവർത്തിക്കുന്ന ചിത്രങ്ങൾ സമർപ്പിച്ച് അറ്റകുറ്റപ്പണി പൂർത്തിയായതായി നഗരസഭയെ അറിയിച്ചതായും, അതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ മറുപടി നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ നിലവിൽ പാലത്തിലെ എല്ലാ ലൈറ്റുകളും പ്രവർത്തിക്കുന്നില്ലെന്നും, നിരവധി ലൈറ്റുകൾ ഇപ്പോഴും കത്താതെയാണ് കിടക്കുന്നതെന്നും പ്രദേശവാസികൾ പറയുന്നു. രാത്രിയിൽ പാലത്തിൽ ഇരുട്ട് വ്യാപിക്കുന്നതിനാൽ വാഹനാപകട സാധ്യത വർധിക്കുന്നതോടൊപ്പം സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യത്തിനും അനധികൃത മണൽക്കടത്തിനും അനുകൂല സാഹചര്യം സൃഷ്ടിക്കുന്നുവെന്ന ആശങ്കയും നാട്ടുകാർ പങ്കുവെക്കുന്നു.
സംഭവത്തിൽ കരാറുകാരന്റെ പ്രവർത്തനത്തിൽ ക്രമക്കേടുണ്ടോയെന്ന് പരിശോധിക്കാൻ ആവശ്യമായ രേഖകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ നൽകിയിട്ടുണ്ടെന്ന് വിവരാവകാശ പ്രവർത്തകൻ കൂടിയായ അബ്ദുൽ റഹീം പൂക്കത്ത് അറിയിച്ചു. രേഖകൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ കരാറുകാരനെതിരെ വിജിലൻസ് വകുപ്പിൽ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലത്തിലെ എല്ലാ ലൈറ്റുകളും പൂർണമായി പ്രവർത്തനക്ഷമമാക്കി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.