വേങ്ങര: നാടുകാണി പരപ്പനങ്ങാടി സംസ്ഥാനപാതയിൽ വേങ്ങര അങ്ങാടിയിൽ തുടരുന്ന രൂക്ഷമായ ഗതഗതക്കുരുക്കിന് പരിഹാരമായി നിർമിക്കുന്ന ആകാശപ്പാതയുടെ മാപ്പിങ് ആൻഡ് ട്രോപ്പോഗ്രാഫിക് സർവേ തുടങ്ങി.
അലൈൻമെന്ററ്, പാത തുടങ്ങുന്ന സ്ഥലത്തും അവസാനിക്കുന്ന സ്ഥലത്തുമുള്ള ഭൂമിയുടെ ലഭ്യത എന്നിവയാണ് സർവേയിൽ ഉൾപ്പെടുക. ആകാശപ്പാതയുടെ നിർമാണത്തിനായി 250 കോടിയുടെ നിർദ്ദേശം യു.ഡി.എഫ്. സർക്കാരിന്റെ കന്നി ബജറ്റിൽ ഇടംപിടിക്കുകയും ഇതിന് ടോക്കൺ അനുവദിക്കുകയും ചെയ്‌തിരുന്നു.
പാതയുടെ നിർമാണജോലികൾ ആരംഭിക്കുന്നതിൻ്റെ മുന്നോടിയായാണ് സർവേ തുടങ്ങിയത്. പൊതുമരാമത്ത് ബ്രിഡ്ജ് വിഭാഗം എ.എക്സ്.ഇ. സി. വിനോദ്കുമാർ, എ.ഇ. നീരജ്കുമാർ, ഓവർസിയർ ലിജു എന്നിവർ കഴിഞ്ഞദിവസം മണ്ഡലം എം.എൽ.എ.യും തദ്ദേശവകുപ്പ് മന്ത്രിയുമായ കെ.എം. ഷാജിയുടെ വേങ്ങര ക്യാമ്പ് ഓഫീസിലെത്തി അലൈൻമെന്റ് ഡ്രോയിങ്ങും റവന്യൂ റെക്കോഡും സമർപ്പിച്ചു.
ഊരകം കുറ്റാളൂർ ബദരിയ്യ ജുമാ മസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച് വേങ്ങര അമ്മാഞ്ചേരി ക്ഷേത്രപരിസരത്ത് അവസാനിക്കുന്ന വിധത്തിലാണ് ആകാശപ്പാത വിഭാവനംചെയ്തിട്ടുള്ളത്.
2.5 കിലോമീറ്ററാണ് പാതയുടെ നീളം. ഒറ്റത്തൂണിൽ 11 മീറ്റർ പൊക്കത്തിൽ മൂന്ന് വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻ പറ്റുന്ന തരത്തിലാണ് റോഡിന്റെ ഘടന. താഴെ ഇരുവശത്തും ആറുമീറ്റർ വീതിയിൽ സർവീസ് റോഡും പാർക്കിങ് സൗകര്യവുമുണ്ടാകും.
പൂർത്തിയാകുന്നമുറയ്ക്ക് വേങ്ങര അങ്ങാടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതോടൊപ്പം പാലക്കാട്, പെരിന്തൽമണ്ണ, മഞ്ചേരി, മലപ്പുറം ഭാഗത്തുനിന്നുള്ള ചരക്കുവാഹനങ്ങൾക്കും യാത്രാവാഹനങ്ങൾക്കും കൂരിയാട് വഴി ദേശിയപാത 66-ൽ ചേരാനും തിരിച്ചും യാത്രചെയ്യാൻ വളരെ സൗകര്യമാകും. മന്ത്രിയും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരുംചേർന്ന് പാത കടന്നുപോകുന്ന വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.