മലപ്പുറം: പ്ലസ് വൺ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ബാക്കിയുള്ള മെറിറ്റ് ക്വോട്ട സീറ്റുകളിലേക്കു ഇന്ന് സ്പോട്ട് അഡ്മിഷൻ നടക്കും. ജില്ലയിൽ 2,586 സീറ്റുകളാണു ബാക്കിയുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ സീറ്റുകൾ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലാണ്– 1,837 സീറ്റുകൾ. എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ 749 സീറ്റുകളുമുണ്ട്. സ്പോട്ട് അഡ്മിഷൻ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാൻ ഇന്നലെ വൈകിട്ടു വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്.
ഇതുവരെ അലോട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ നൽകാത്തവർക്കും സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാമായിരുന്നു. വിവിധ സ്കൂളുകളിലെ സീറ്റുകളിലെ ഓൺലൈൻ വഴിയായിരുന്നു അപേക്ഷിക്കേണ്ടത്. ഓരോ സ്കൂളിലെയും റാങ്ക് പട്ടികയാണ് ഇന്ന് രാവിലെ 9ന് പ്രസിദ്ധീകരിക്കുക. ഇതു പരിശോധിച്ചു കൂടുതൽ പ്രവേശന സാധ്യതയുള്ള ഇടങ്ങളിൽ രാവിലെ 10നും 12നും ഇടയിൽ രേഖകൾ സഹിതം രക്ഷിതാവിനോടൊപ്പമെത്തണം. ഉച്ചയ്ക്ക് 12നും ഒന്നിനും ഇടിയിൽ പ്രവേശനം നടത്തണം.
ഇതോടൊപ്പം മോഡൽ റസിഡൻഷ്യൽ സ്കൂളായ നിലമ്പൂർ ഐജിഎംആർ എച്ച്എസ്എസിലെ ഒഴിവുള്ള സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷൻ നടക്കും. ഇവിടെ കൊമേഴ്സിന് എസ്ടി വിഭാഗത്തിലുള്ള പെൺകുട്ടികൾക്കു 23 ഉം ആൺകുട്ടികൾക്കു 14 സീറ്റുമാണു ഒഴിവുള്ളത്.
ജില്ലയിൽ ഒഴിവുള്ള 2,586 പ്ലസ് വൺ സീറ്റുകളിൽ 68% സീറ്റുകളും സയൻസ് സീറ്റുകളാണ്. സയൻസ് വിഭാഗത്തിന് 1,767 സീറ്റുകളാണ് ഒഴിവുള്ളത്. ഇതിൽ കൂടുതൽ ഒഴിവുകളും സർക്കാർ സ്കൂളുകളിലുമാണ്. ഹ്യുമാനിറ്റീസിന് 461 ഉം കൊമേഴ്സിനു 358 സീറ്റുമാണു ഒഴിവുള്ളത്.