കോഹിനൂർ-കരിപ്പൂർ എലിവേറ്റഡ് ഹൈവേയും ചേളാരി ഫയർ സ്റ്റേഷനും യാഥാർത്ഥ്യമാകുന്നു; പദ്ധതി നടപടികൾ വേഗത്തിലാക്കാൻ യോഗം ചേർന്നു

മലപ്പുറം: മലപ്പുറം ജില്ലയുടെ ഗതാഗത രംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിലും വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന രണ്ട് പ്രധാന പദ്ധതികളുടെ നടപടികൾ ഊർജിതമാക്കുന്നു. കോഹിനൂർ-കരിപ്പൂർ എലിവേറ്റഡ് ഹൈവേ, ചേളാരി ഫയർ സ്റ്റേഷൻ എന്നിവയുടെ പുരോഗതി വിലയിരുത്തുന്നതിനായി വള്ളിക്കുന്ന് മണ്ഡലം എം.എൽ.എ ശ്രീ. ടി. വി. ഇബ്രാഹിമിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്നു.
കേരളത്തിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേ യാഥാർത്ഥ്യത്തിലേക്ക്

ദേശീയപാത 66-ലെ കോഹിനൂറിനെയും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിച്ച് നിർമിക്കുന്ന കേരളത്തിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേയുടെ സാധ്യതാ പഠനവും തുടർനടടികളും അടിയന്തരമായി പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി. സംസ്ഥാന ബജറ്റിൽ വകയിരുത്തിയ ഒരു കോടി രൂപ ഉപയോഗിച്ചുള്ള സാധ്യതാ പഠനമാണ് വേഗത്തിലാക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള യാത്രാക്ലേശത്തിനും പ്രദേശത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരമാകും.

ചേളാരി ഫയർ സ്റ്റേഷൻ നിർമ്മാണം വേഗത്തിലാക്കും

വള്ളിക്കുന്ന് മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് അത്യാഹിത ഘട്ടങ്ങളിൽ വേഗത്തിൽ സേവനം ഉറപ്പാക്കുന്നതിനായി ചേളാരിയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കാൻ തീരുമാനിച്ചു. പള്ളിക്കൽ വില്ലേജിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് ഫയർ സ്റ്റേഷൻ നിർമിക്കുന്നത്. ഇതിനാവശ്യമായ ആധുനിക ഉപകരണങ്ങളും ജീവനക്കാരെയും ലഭ്യമാക്കുന്നതിനുള്ള വകുപ്പുതല ഏകോപനത്തിന് യോഗം നിർദ്ദേശം നൽകി.

ജില്ലയുടെ സമഗ്ര വികസനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ട് ഈ രണ്ട് പദ്ധതികളും നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുമെന്ന് ജില്ലാ ഭരണകൂടവും സർക്കാരും വ്യക്തമാക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}