വേങ്ങര: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസാന്ദ്രതയേറിയതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിയമസഭാ-ലോക്സഭാ മണ്ഡലങ്ങളുമുള്ള മലപ്പുറം ജില്ല വിഭജിക്കണമെന്നത് ന്യായമായ ആവശ്യമെന്ന് കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്‌മെന്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
എല്ലാ വിഭാഗം ജനങ്ങൾക്കും മെച്ചപ്പെട്ട സേവനങ്ങളും മികച്ച ഭരണസൗകര്യവും ലഭ്യമാക്കാൻ ജില്ല വിഭജനം അത്യന്താപേക്ഷിതമാണെന്ന് യോഗം വിലയിരുത്തി. വിഭജനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സർക്കാരിന് സാധിക്കുമെന്ന പ്രതീക്ഷയും യോഗം പ്രകടിപ്പിച്ചു.
നിയോജക മണ്ഡലം ചെയർമാൻ മൊയ്ദീൻ കുട്ടി മാട്ടറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ ചെയർമാൻ പി.പി. ആലിപ്പു ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കരിം കാബ്രൻ, നിയോജക മണ്ഡലം ഭാരവാഹികളായ പി.കെ. സാദിഖലി, റാഫി കൊളക്കാട്ടിൽ, ഫൈസൽ കാരാടൻ എന്നിവർ സംസാരിച്ചു.