കണ്ണമംഗലം: ഫോട്ടോഗ്രാഫിയെ വെല്ലുന്ന സൂക്ഷ്മതയോടെയുള്ള പുതിയ പെയിന്റിംഗുമായി ചിത്രകാരനും ശില്പിയുമായ എം.വി.എസ് കണ്ണമംഗലം വീണ്ടും ശ്രദ്ധ നേടുന്നു. കുന്നുംപുറത്തെ വാട്ടർ ടാങ്കും പരിസരവുമാണ് ഇത്തവണ ഇദ്ദേഹം കാൻവാസിലേക്ക് പകർന്നത്.
ഒറ്റനോട്ടത്തിൽ യഥാർത്ഥ ഫോട്ടോയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഓരോ വസ്തുക്കളും അതിസൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുന്നത്. എ ഫോർ (A4) വലിപ്പത്തിലാണ് ഈ മാസ്റ്റർപീസ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
ചിത്രകലയ്ക്ക് പുറമേ ക്ലേ മോഡലിംഗിലും കരകൗശല നിർമ്മിതികളിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ള വ്യക്തിയാണ് എം.വി.എസ് കണ്ണമംഗലം. കുമാരനാശാന്റെ 'മാമ്പഴം' കവിതയ്ക്ക് ഇദ്ദേഹം ഒരുക്കിയ കളിമൺ ശില്പാവിഷ്കാരം ഏറെ ജനശ്രദ്ധ നേടിയിരുന്നു. കൂടാതെ, മുല്ലപ്പൂ ചൂടി നിൽക്കുന്ന അതീവ സുന്ദരിയായ മലയാളിമങ്ക, ഭൂഗോളമേന്തിയ മാലാഖ, സങ്കല്പ വധു, വിദ്യാർത്ഥിനി, അധ്യാപിക, മാസ്ക് ധരിച്ച മഹാബലി തുടങ്ങിയവയും ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റ് കളിമൺ നിർമ്മിതികളാണ്.
പരിമിതമായ ജീവിത സാഹചര്യങ്ങളെ തോൽപ്പിച്ച് ചിത്ര-ശില്പ കലാരംഗത്ത് തന്റേതായ ഒരു സവിശേഷ ഇടം കണ്ടെത്താൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മേമാട്ടുപാറ സ്വദേശിയായ എം.വി.എസ് കണ്ണമംഗലം ഒരു ചിത്രകലാധ്യാപകൻ കൂടിയാണ്.