വേങ്ങര: ലെൻസ്ഫെഡ് വേങ്ങര ഏരിയ കമ്മിറ്റിയും അലീവ് എബിലിറ്റി പാർക്കും സംയുക്തമായി “സ്വാതന്ത്ര്യത്തിന്റെ സന്തോഷം, സ്നേഹത്തിന്റെ കരുതലോടെ” എന്ന സന്ദേശമുയർത്തി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.
വേങ്ങര ചേറ്റിപ്പുറമാട്ടെ അലീവ് എബിലിറ്റി പാർക്കിൽ നടന്ന പരിപാടി പി.എം.എ. സമീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശഭക്തിഗാനങ്ങൾ, വിവിധ കലാപരിപാടികൾ, വിദ്യാർത്ഥികളുടെ കലാവിരുന്നുകൾ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി.
അലീവ് എബിലിറ്റി പാർക്കിലെ വിദ്യാർത്ഥികളോടൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചതാണ് പരിപാടിയുടെ പ്രധാന ആകർഷണം. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. സ്വാതന്ത്ര്യത്തിന്റെ മഹത്തായ മൂല്യങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിനോടൊപ്പം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേർത്തുനിർത്തുന്ന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉദ്ഘാടന പ്രസംഗത്തിൽ പി.എം.എ. സമീർ എം.എൽ.എ ചൂണ്ടിക്കാട്ടി.
അലീവ് എബിലിറ്റി പാർക്ക് വർക്കിംഗ് പ്രസിഡന്റ് പി.കെ. അലി അക്ബർ അധ്യക്ഷത വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുനാസർ, അലീവ് ജനറൽ സെക്രട്ടറി ശരീഫ് കുറ്റൂർ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൂസൈറ മൻസൂർ, വേങ്ങര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ. നാസർ,
അലീവ് ഭാരവാഹികളായ ടി. അബ്ദുൽ ഹഖ്, പി.കെ. റഷീദ്, അലി മേലേതിൽ, ബഷീർ മമ്പുറം, പി. മുഹമ്മദ് ഹനീഫ, പി.കെ നൗഫൽ മമ്പിതി, ഉസ്മാൻ, ടി. ഫസലുറഹ്മാൻ, നസീർ മേലേതിൽ , ലെൻസ്ഫെഡ് സംസ്ഥാന സമിതി അംഗം വി.കെ.എ. റസാഖ്, ജില്ലാ ട്രഷറർ റിയാസലി പി.കെ., വേങ്ങര ഏരിയ പ്രസിഡന്റ് ഇസ്മായിൽ കെ.സി., സെക്രട്ടറി സഹീർ അബ്ബാസ് നടക്കൽ എന്നിവർ സംസാരിച്ചു.
ലെൻസ്ഫെഡ് ഭാരവാഹികൾ, അലീവ് എബിലിറ്റി പാർക്ക് അധികൃതർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രവർത്തകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. സ്നേഹത്തിന്റെയും കരുതലിന്റെയും സന്ദേശം ക സമൂഹത്തിന് കൈമാറിയ മാതൃകാപരമായ സ്വാതന്ത്ര്യദിനാഘോഷമായി പരിപാടി മാറി.