പറപ്പൂർ: യാത്ര ദുരിതത്തിന് വിരാമമിട്ട് പറപ്പൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെയും ഒമ്പതാം വാർഡിന്റെയും അതിർത്തി പങ്കിടുന്ന ചുണ്ടയിൽ കടവ് റോഡിലും, ആറാം വാർഡിലെ അവണക്കുണ്ട് റോഡിലും കോൺക്രീറ്റ് പ്രവൃത്തികൾ നടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി, ഉറവവെള്ളം കെട്ടിക്കിടന്ന് യാത്ര തടസ്സപ്പെടുന്ന പ്രദേശങ്ങളിൽ ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗവും സ്റ്റാഫ് അംഗങ്ങളും നേരിട്ടെത്തി സ്ഥലം സന്ദർശിക്കുകയും അളവെടുപ്പും പരിശോധനയും പൂർത്തിയാക്കുകയും ചെയ്തു.
റോഡിൽ ഉറവവെള്ളം കെട്ടിക്കിടക്കുന്നതിനാൽ പ്രദേശവാസികളും യാത്രാക്കാരും വലിയ ബുദ്ധിമുട്ടാണ് നേരിട്ടിരുന്നത്. ഇവിടെ കോൺക്രീറ്റിംഗ് പൂർത്തിയാകുന്നതോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാവുകയും ജനങ്ങൾക്ക് സുഗമമായി യാത്ര ചെയ്യാനാകുകയും ചെയ്യും.
സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ആറാം വാർഡ് മെമ്പർ റജ്ന റൗഫ്, ഒമ്പതാം വാർഡ് മെമ്പർ ഷാഹിദ, കെ. കെ. മുഹമ്മദ് കുട്ടി, ഇബ്രാഹിം വെട്ടിക്കാട്ടിൽ, റൗഫ് എ. വി, യൂനുസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പ്രദേശവാസികളുടെ യാത്രാദുരിതം പരിഹരിക്കുന്നതിനായി എത്രയും പെട്ടെന്ന് കോൺക്രീറ്റിംഗ് പ്രവൃത്തികൾ പൂർത്തിയാക്കി റോഡ് പൂർണ്ണസജ്ജമാക്കി നൽകുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു.