ഒതുക്കുങ്ങൽ : ഒതുക്കുങ്ങൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിന് പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജി പറഞ്ഞു. വേങ്ങര മണ്ഡലത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നടപ്പാക്കുന്ന വേങ്ങര 360 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂൾ നവീകരിക്കുക. ഒതുക്കുങ്ങൽ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഒരു കോടി രൂപ ചിലവിട്ട പുതുതായി നിർമിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം വിദ്യാഭ്യാസ മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് വേങ്ങര 360 പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളിൽ കൂടുതൽ സൗകര്യങ്ങളും ആധുനിക പഠന സംവിധാനങ്ങളും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ കെ മെഹനാസ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി മുഹമ്മദാലി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ടി ബാവ മാസ്റ്റർ, ബ്ലോക്ക് മെമ്പർ നാസർ എം കെ, വാർഡ് മെമ്പർ മുസ്തഫ നെച്ചിക്കാട്ട്, പ്രിൻസിപ്പൽ സന്തോഷ് കുമാർ, എസ് എം സി ചെയർമാൻ നാസർ കോറാടൻ, പി ടി എ വൈസ് പ്രസിഡന്റ് നൗഷാദ് കാരി, മുസ്തഫ കാരി, അലി മേലേതിൽ എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ റഷീദ്, ഫിറോസ് ഖാൻ, ജെംഷി, സലിം ഫൈസൽ, അബ്ദുൾകലാം, പി ടി എ ഭാരവാഹികളായ ഷാജി കുരുണിയൻ, റഹീം ഇ കെ, സമീർ മടപ്പള്ളി, മുഹമ്മദ് കുട്ടി, ജസീന എൻ, എന്നിവർ നേതൃത്വം നൽകി. പി ടി എ പ്രസിഡന്റ് പി എം ബഷീർ സ്വാഗതവും ഹെഡ്മാസ്റ്റർ ശറഫുദ്ധീൻ കെ നന്ദിയും പറഞ്ഞു.