മലപ്പുറം: കൈകളിൽ തീ സ്പർശിപ്പിച്ചുകൊണ്ടുള്ള അതിസാഹസികമായ ജ്വാലാ പരീക്ഷണത്തിലൂടെ മനസ്സിന്റെയും ശരീരത്തിന്റെയും അപൂർവ്വ നിയന്ത്രണ ശേഷി ലോകത്തിന് മുന്നിൽ തെളിയിച്ച് ഹിപ്നോട്ടിസ്റ്റ് മുഹമ്മദ് റിയാസ്. ഹിപ്നോട്ടിക് അനസ്തേഷ്യ വിഭാഗത്തിൽ സമാനതകളില്ലാത്ത പ്രകടനം കാഴ്ചവെച്ചാണ് അദ്ദേഹം വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് (World Wide Book of Records) സ്വന്തമാക്കിയത്.
ശാസ്ത്രത്തെയും മനശാസ്ത്ര തത്വങ്ങളെയും അദ്ഭുതപ്പെടുത്തുന്ന രീതിയിൽ, യാതൊരുവിധ വേദനയോ പൊള്ളലോ ഏൽക്കാതെ കൈകളിൽ തീ നാളങ്ങൾ സ്പർശിപ്പിച്ചുകൊണ്ട് ആം കാറ്റലപ്സി (Arm Catalepsy), ഹിപ്നോട്ടിക് ഗ്ലൗസ് അനസ്തേഷ്യ (Hypnotic Glove Anaesthesia) എന്നിവ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം വിജയകരമായി പ്രദർശിപ്പിച്ചത്. മനുഷ്യ മനസ്സിന്റെ അനന്തസാധ്യതകളെയും ഹിപ്നോട്ടിസത്തിന്റെ വിസ്മയകരമായ ശക്തിയെയും ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ ഈ ചരിത്രനേട്ടം അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ശ്രദ്ധയാണ് നേടിയിട്ടുള്ളത്.
ഈ ചരിത്രനേട്ടം കൈവരിച്ച മുഹമ്മദ് റിയാസിനെ 17-ാം വാർഡ് മുസ്ലിംലീഗ്, യൂത്ത് ലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മന്ത്രി കെ.എം. ഷാജി ആദരിച്ചു. കേരളത്തിന്റെ അഭിമാനമായ ഈ പ്രതിഭയ്ക്ക് വിവിധ കോണുകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ്.
ആദരിക്കൽ ചടങ്ങിൽ മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡൻ്റ് ശരീഫ് കുറ്റൂർ, പതിനേഴാം വാർഡ് മുസ്ലിംലീഗ് പ്രസിഡൻ്റ് ഹാരിസ് വേരേങ്ങൽ, ജനറൽ സെക്രട്ടറി ഇസ്‌ഹാഖ് യുകെ, ട്രഷറർ ഹംസ എം, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എൻ. ജസീം, വൈസ് പ്രസിഡൻ്റ് മൂസ വി.കെ, വാർഡ് യൂത്ത്ലീഗ് ഭാരവാഹികളായ അലി അക്ബർ കെ, നാസർ എൻ, റിയാസുദ്ദീൻ വി തുടങ്ങിയവർ സന്നിഹിതരായി.