തിരൂരങ്ങാടി: പരപ്പനങ്ങാടി–അരീക്കോട് റോഡിൽ അമൃത് പദ്ധതിക്കും കുടിവെള്ള പദ്ധതിക്കുമായി വെട്ടിപ്പൊളിച്ച ഭാഗങ്ങൾ ദീർഘകാലമായി സുരക്ഷിതമായി പുനഃസ്ഥാപിക്കാത്തതിനെ തുടർന്ന് അപകടങ്ങൾ വർധിക്കുന്നതായി ആരോപിച്ച് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) ജില്ലാ ജനറൽ സെക്രട്ടറി അബ്ദുറഹീം പൂക്കത്ത് തിരൂരങ്ങാടി, അഷ്റഫ് മനരിക്കൽ, സിദ്ദീഖ് പറമ്പൻ, സിപി സുബൈർ, മലപ്പുറം ജില്ലാ പോലീസ് അഡീഷണൽ എസ് പി പി. ബിജു രാജ് മുമ്പാകെ പരാതി നൽകി.
കരിപറമ്പ് മുതൽ കക്കാട് വരെയുള്ള ഭാഗത്ത് അമൃത് പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി 2024 അവസാനത്തോടെ റോഡ് വെട്ടിപ്പൊളിച്ചെന്നും, ഒരു വർഷത്തിലേറെയായിട്ടും പല ഭാഗങ്ങളും സുരക്ഷിതമായി പുനഃസ്ഥാപിച്ചിട്ടില്ലെന്നുമാണ് പരാതിയിലെ ആരോപണം.
ഇതുസംബന്ധിച്ച് PWD അധികൃതർക്കും താലൂക്ക് വികസന സമിതിക്കും പല ഘട്ടങ്ങളിലായി പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നു.
ഇതിനിടെ ആഗസ്റ്റ് 10ന് മമ്പുറം ചന്തപ്പടി ഭാഗത്ത് കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടിയുണ്ടാക്കിയ കട്ടറിൽ ബൈക്ക് വീണ് ഉപ്പയ്ക്കും മകനും പരിക്കേറ്റ സംഭവവും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശിയും ചെമ്മാട് ചുമട്ടുതൊഴിലാളിയുമായ മുസ്തഫയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും തുടർന്ന് ആഗസ്റ്റ് 11ന് രാത്രി മരണപ്പെടുകയും ചെയ്ത സംഭവവും റോഡിന്റെ അപകടാവസ്ഥയുമായി ബന്ധപ്പെട്ട് സമഗ്രമായി അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
മുസ്തഫയുടെ മരണത്തിന് റോഡിന്റെ അപകടകരമായ അവസ്ഥയോ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളുടെ അഭാവമോ കാരണമായിട്ടുണ്ടോ എന്ന് ശാസ്ത്രീയമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ജനുവരി 11ന് തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയിട്ടും ആവശ്യമായ നടപടി ഉണ്ടായില്ലെന്നും, നേരത്തെ ലഭിച്ച പരാതികളിൽ സമയബന്ധിതമായി ഇടപെട്ടിരുന്നെങ്കിൽ അപകടങ്ങൾ ഒഴിവാക്കാനായിരുന്നോ എന്നും പരിശോധിക്കണമെന്നും മാപ്സ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുറഹീം പൂക്കത്ത് ആവശ്യപ്പെട്ടു.
റോഡ് കട്ടിംഗ് സംബന്ധിച്ച അനുമതികൾ, Restoration Charges അടച്ചിട്ടുണ്ടോ, പ്രവൃത്തി കരാർ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോ, സുരക്ഷാ ബാരിക്കേഡുകളും മുന്നറിയിപ്പ് സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
അപകടസ്ഥലങ്ങൾ ശാസ്ത്രീയമായി പരിശോധിച്ച് സൈറ്റ് മഹസർ തയ്യാറാക്കുകയും CCTV ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ, മെഡിക്കൽ രേഖകൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, PWD–KWA രേഖകൾ എന്നിവ പരിശോധിക്കുകയും വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ എംഎൽഎയും പുതിയ എംഎൽഎ ആയ സമീർ ആഗസ്റ്റ് മൂന്നിന് വിളിച്ചുചേർത്ത മീറ്റിങ്ങിൽ 15 ദിവസങ്ങൾക്കകം പണി തീർക്കാമെന്ന് ഉറപ്പു നൽകിയിരുന്നതായും പത്രവാർത്തയിൽ ഉണ്ടായിരുന്നെങ്കിലും യാതൊരുവിധ തുടർനടപടികളും ഇതുവരെയും കൈകൊണ്ടിട്ടുമില്ല എന്ന് പൊതുജനങ്ങളും പരാതി പറയുന്നു.
പൊതുജനങ്ങളുടെ ജീവനും സുരക്ഷയും നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ, റോഡ് അപകടാവസ്ഥയുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തം കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ നിയമാനുസൃതമായി FIR രജിസ്റ്റർ ചെയ്ത് കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.