അഞ്ച് ദിവസത്തെ ജോലിക്ക് വേണ്ടി ബാങ്ക് ജീവനക്കാർ നാളെ പണിമുടക്കിൽ; മൂന്ന് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

ന്യൂഡൽഹി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് നാളെ (സെപ്റ്റംബർ 11, വെള്ളി) നടക്കും. ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ജീവനക്കാർ തീരുമാനിച്ചത്. ശനിയും ഞായറും അവധിയായതിനാൽ തുടർച്ചയായ മൂന്ന് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. തിങ്കളാഴ്ച വിനായകചതുർഥി പ്രമാണിച്ച് അവധിയുള്ള സ്ഥലങ്ങളിൽ തുടർച്ചയായ നാല് ദിവസം ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടും.

ആഴ്ചയിൽ അഞ്ച് ദിവസം ജോലി, രണ്ട് ദിവസം അവധി എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (UFBU) നേതൃത്വത്തിലുള്ള പണിമുടക്ക്. ബാങ്കുകളുടെ പ്രവൃത്തിദിനം അഞ്ചാക്കി ചുരുക്കണമെന്ന ആവശ്യത്തോട് കേന്ദ്ര സർക്കാർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. രണ്ടര വർഷമായിട്ടും ഈ ശുപാർശ നടപ്പാക്കാത്ത സാഹചര്യത്തിലാണ് സമരം. തുടർച്ചയായ ദിവസങ്ങളിൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടുന്നതിനാൽ അത്യാവശ്യ ഇടപാടുകൾ ഉപഭോക്താക്കൾ ഇന്നു തന്നെ പൂർത്തിയാക്കണം. എന്നാൽ എ.ടി.എം, ഡിജിറ്റൽ ഇടപാടുകളെ പണിമുടക്ക് ബാധിക്കില്ല.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ 28, 29, 30 തീയതികളിൽ രണ്ടാംഘട്ട സമരം നടത്തുമെന്നും, ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും ബാങ്ക് യൂണിയനുകൾ മുന്നറിയിപ്പ് നൽകി. അർദ്ധവാർഷിക കണക്കെടുപ്പ് നടക്കുന്ന സെപ്റ്റംബർ അവസാനമുള്ള പണിമുടക്ക് ബാങ്കുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചേക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}