ജില്ലയിലെ ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. ഡി. സജിത് ബാബുവിന്റെ സാന്നിധ്യത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) വെയർഹൗസ് സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തി. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് പരിശോധന പൂർത്തിയാക്കിയത്.
തുടർന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇ.ആർ.ഒ, എ.ഇ.ആർ.ഒ, തഹസിൽദാർമാർ എന്നിവരുടെ ഉന്നതതല അവലോകന യോഗം ചേർന്നു. ജില്ലയിലെ വോട്ടർ പട്ടിക പൂർണ്ണമായും കുറ്റമറ്റതാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ യോഗത്തിൽ തീരുമാനമായി. 18 വയസ്സ് പൂർത്തിയായ മുഴുവൻ അർഹരായവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനും, മരണപ്പെട്ടവരെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുമുള്ള കർശന നിർദ്ദേശം അധികൃതർക്ക് നൽകിയിട്ടുണ്ട്.
വോട്ടർമാർക്കിടയിലെ അവബോധം വർദ്ധിപ്പിക്കുന്നതിനായി സ്വീപ്പ് (SVEEP) പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. കൂടാതെ, ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും യാതൊരു തടസ്സവുമില്ലാതെ വോട്ട് രേഖപ്പെടുത്തുന്നതിനായി എല്ലാ പോളിംഗ് ബൂത്തുകളിലും സ്ഥിരമായ റാമ്പ് സൗകര്യങ്ങൾ ഒരുക്കാനും തീരുമാനമായിട്ടുണ്ട്. വരുന്ന തിരഞ്ഞെടുപ്പുകൾ പൂർണ്ണമായും സുതാര്യവും സുഗമവുമാക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് റവന്യൂ-ഇലക്ഷൻ വിഭാഗങ്ങൾ.