സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
അതേസമയം, നാളെയോടെ മഴയുടെ തീവ്രതയിൽ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.
മഴയോടൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഒക്ടോബർ 11 മുതൽ 13 വരെയുള്ള ദിവസങ്ങളിലും ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും തുടർന്നേക്കും. ഇടിമിന്നൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറാനും, തുറസായ സ്ഥലങ്ങളിലും മരച്ചുവട്ടിലും നിൽക്കുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്.
ഇടിമിന്നലുള്ള സമയത്ത് ജനലുകളും വാതിലുകളും അടച്ചിടുകയും, ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വേണം. ഇരുചക്ര വാഹന യാത്ര ഒഴിവാക്കാനും ടെറസിലും തുറസ്സായ സ്ഥലങ്ങളിലും കുട്ടികൾ കളിക്കുന്നത് തടയാനും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.