തിരൂരങ്ങാടി നഗരസഭയിലെ ഉദ്യോഗാർത്ഥികളുടെ നിയമന ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ താൽക്കാലിക നിയമനത്തിൽ വൻ ക്രമക്കേട് നടന്നതായി ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി തിരൂരങ്ങാടി മണ്ഡലം ഭാരവാഹികൾ മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർക്ക് നിവേദനം നൽകി.

താൽക്കാലിക-കരാർ നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന മാത്രമായിരിക്കണം നടത്തേണ്ടതെന്ന സർക്കാർ ഉത്തരവുകളും തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദേശങ്ങളും കാറ്റിൽപ്പറത്തിയാണ് നഗരസഭ നിയമനം നടത്തിയിട്ടുള്ളതെന്ന് എ.എ.പി ആരോപിക്കുന്നു. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുൻഗണനാ പട്ടികയിലുള്ള അർഹരായ ഉദ്യോഗാർഥികളെ പൂർണ്ണമായും അവഗണിച്ചാണ് ഈ നിയമനങ്ങൾ നടത്തിയിട്ടുള്ളത്.

2026-ലെ നിയമനവുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ ഗുരുതരമായ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. 108 പേരുടെ പട്ടികയിൽ നിന്ന് 76 പേർ പങ്കെടുത്ത അഭിമുഖമാണ് നടന്നത്. എന്നാൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് പട്ടികയിൽ ഉൾപ്പെടാത്ത നാലുപേരെ അഭിമുഖത്തിൽ നിയമവിരുദ്ധമായി ഉൾപ്പെടുത്തിയെന്ന് നഗരസഭയുടെ വിവരാവകാശ മറുപടി വ്യക്തമാക്കുന്നു. ഇതിന് ആധാരമായി ചൂണ്ടിക്കാണിക്കുന്ന കോടതി ഉത്തരവ്, നഗരസഭാ കൗൺസിൽ തീരുമാനം, മറ്റ് അനുബന്ധ രേഖകൾ എന്നിവ കൃത്യമായി പരിശോധിച്ച് നിയമനത്തിന്റെ സാധുത ഉറപ്പുവരുത്തണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.

"മുൻകൂട്ടി നിശ്ചയിച്ച ചിലരെ നിയമിക്കാനായിരുന്നു തീരുമാനമെങ്കിൽ എന്തിനായിരുന്നു പൊതുജനങ്ങളെ കബളിപ്പിച്ചുകൊണ്ട് ഇങ്ങനെയൊരു പ്രഹസന ഇന്റർവ്യൂ നടത്തിയത്?"
— പി.ഒ. ഷമീം ഹംസ (ആം ആദ്മി പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി)

നിയമലംഘനം നടത്തിയവർക്കെതിരെ കർശന നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ആം ആദ്മി പാർട്ടി മണ്ഡലം ഭാരവാഹികളായ മൂസ ജാറത്തിങ്ങൽ, സാദിക്ക് തെയ്യാല, പി.ഒ. ഷമീം ഹംസ, അബ്ദുൽ റഹീം പൂക്കത്ത്, ഫൈസൽ ചെമ്മാട് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറെ കണ്ട് നിവേദനം സമർപ്പിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}