വേങ്ങര നിയോജക മണ്ഡലത്തിലെ കച്ചേരിപ്പടിയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിന് അഞ്ചര കോടി രൂപയുടെ ഭരണാനുമതി ലഭ്യമായി. പദ്ധതി യാഥാർത്യമാവുന്നതോടെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന
വേങ്ങരയിലെ വിവിധ സർക്കാർ ഓഫീസുകൾ ഒരു കുട കീഴിലാവും.
വേങ്ങര ഉപജില്ല വിദ്യാഭ്യാസ ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ് , താലൂക് വ്യവസായ കേന്ദ്രം, തുടങ്ങിയവയാണ് നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സർക്കാർ ഓഫീസുകൾ. പുതുതായി അനുവദിച്ച ഇറിഗേഷൻ സെക്ഷൻ ഓഫീസിനും സ്ഥലം കണ്ടെത്തേണ്ടതുണ്ട്. റവന്യു ഭൂമിയുടെ അഭാവം കാരണം സർക്കാർ സംവിധാനത്തിൽ ഇത്തരം ഓഫീസുകൾക്ക് സൗകര്യമൊരുക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കാമെന്ന നിർദ്ദേശം മുൻ എം എൽ എ പി കെ കുഞ്ഞാലിക്കുട്ടി മുന്നോട്ട് വെച്ചിരുന്നത്. 2025-26 സാമ്പത്തിക വർഷത്തെ ബജറ്റിൽ മണ്ഡലത്തിലേക്ക് 20 ശതമാനം ടോക്കൺ പ്രൊവിഷൻ അനുവദിക്കുന്ന പദ്ധതിയിൽ മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
നിലവിൽ വേങ്ങര വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന മലപ്പുറം പരപ്പനങ്ങാടി സ്റ്റേറ്റ് ഹൈവേ യോട് ചേർന്ന് കച്ചേരിപ്പടിയിലുള്ള 18 സെന്റ് സ്ഥലത്താണ് നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കാൻ അനുമതിയായത്. മിനി സിവിൽ സ്റ്റേഷൻ പൂർണ സജ്ജമാകുന്നതോടെ മണ്ഡലത്തിലെ വിവിധ സർക്കാർ ഓഫീസുകൾക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യഥാർത്ഥ്യമാകും.ടെണ്ടർ നടപടികൾ അടിയന്തിരമായി പൂർത്തീകരിച്ച് വേഗത്തിൽ പ്രവർത്തി ആരംഭിക്കാനുള്ള നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാർക്ക് നൽകിയിട്ടുണ്ടെന്ന് മന്ത്രി കെ എം ഷാജി പറഞ്ഞു.