വേങ്ങര: വീടുകളിൽ എയർകണ്ടീഷണർ (എ.സി) സൗകര്യമുണ്ടെന്ന ഒറ്റക്കാരണത്താൽ അശരണരായ വയോജനങ്ങൾക്കും നിരാലംബർക്കും ക്ഷേമ പെൻഷൻ നിഷേധിക്കുന്ന നിലവിലെ മാനദണ്ഡങ്ങൾ പുനർനിർണ്ണയിക്കണമെന്ന് ആവശ്യം. ഇതുസംബന്ധിച്ച് വേങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം, സായംപ്രഭാ കെയർ ഗീവർ ഇബ്രാഹീം എ.കെ എന്നിവർ ബഹു. മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും ഔദ്യോഗികമായി നിവേദനം സമർപ്പിച്ചു.
വയോജനങ്ങൾ, ഭിന്നശേഷിക്കാർ, വിധവകൾ തുടങ്ങിയ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് വലിയൊരു ആശ്വാസമാണ് ക്ഷേമ പെൻഷനുകൾ. എന്നാൽ, ഇന്നത്തെ കാലത്ത് ആരോഗ്യപരമായ കാരണങ്ങളാലോ മറ്റ് അത്യാവശ്യങ്ങളാലോ വീടുകളിൽ എ.സി ഉപയോഗിക്കുന്നവരുണ്ട്. ഈയൊരു കാരണം കാണിച്ച് പെൻഷൻ അർഹത തടയുന്നത് നീതിയുക്തമല്ലെന്നാണ് നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നത്.
വിഷയം സർക്കാരിന്റെ ഗൗരവമായ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ പരിശോധന നടത്തി വൈകാതെ തന്നെ അനുകൂല ഉത്തരവ് പുറത്തിറക്കുമെന്ന് മന്ത്രിമാർ ഉറപ്പുനൽകിയതായി സബ്ന ഇബ്രാഹീം അറിയിച്ചു.