വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിൽ വയോജനങ്ങൾക്കായി ആരോഗ്യ ബോധവത്കരണ ക്ലാസും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം, ജീവിതശൈലി രോഗങ്ങൾ, ആയുർവേദ ചികിത്സയുടെ പ്രാധാന്യം തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഊന്നിയാണ് ബോധവത്കരണ പരിപാടിയും പരിശോധനകളും സംഘടിപ്പിച്ചത്. ബോധവത്കരണ ക്ലാസിന് ഡോ. ഗഫൂറും, മെഡിക്കൽ ക്യാമ്പിന് ഡോ. റഷീനയും നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത വയോജനങ്ങൾക്ക് ആവശ്യമായ മെഡിക്കൽ പരിശോധനകളും രോഗനിർണ്ണയവും നടന്നു.
ചടങ്ങിൽ വാർഡ് മെമ്പർ ജംസീന ചീരങ്ങൻ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ സമീത കുമാരി, സായംപ്രഭാ ഫെസിലിറ്റേറ്റർ ലിനിഷ, കെയർ ഗീവർ ഇബ്രാഹീം എ. കെ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.