സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറോളം ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളും ഓഫീസ് മുറികളും കുത്തിത്തുറന്ന് മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.
മലപ്പുറം എടപ്പാൾ കാലടി സ്വദേശി കൊട്ടാരപ്പാട്ട് സജീഷ് (44) എന്ന 'ഭണ്ഡാരം സജീഷിനെയാണ്' കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും എലത്തൂർ പൊലീസും ചേർന്ന് സാഹസികമായി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം പുലർച്ചെ കുണ്ടൂപ്പറമ്പ് കൊറ്റിയാടത്ത് ഭഗവതി ക്ഷേത്രത്തിലും അങ്കക്കളരി ഭഗവതി ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. തുടർന്ന് ഈ മാസം 12-ന് പൂളാടിക്കുന്ന് കല്ലിടുക്കിൽ ഭഗവതി ക്ഷേത്രം, മാട്ടുപ്പിലാവില്ല് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നടന്ന കവർച്ചയുമായി ഈ മോഷണങ്ങൾക്ക് ബന്ധമുണ്ടെന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് പൊലീസിന് വ്യക്തമായി.
ശാസ്ത്രീയ തെളിവുകൾ കൂടി പരിശോധിച്ച് മോഷണത്തിന് പിന്നിൽ സജീഷാണെന്ന് അന്വേഷണസംഘം ഉറപ്പിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി മൈസൂരിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. വിവരം വയനാട് പൊലീസിന് കൈമാറിയതിനു പിന്നാലെ, പ്രതിയെ പിന്തുടർന്ന ക്രൈം സ്‌ക്വാഡ് അംഗങ്ങൾ ഇയാളെ തടഞ്ഞുവെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
തൃശൂർ, പാലക്കാട് , മലപ്പുറം ജില്ലയിലെ ചങ്ങരംകുളം, തേഞ്ഞിപ്പാലം, തിരൂരങ്ങാടി, പൊന്നാനി, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, മെഡിക്കൽ കോളേജ്, നല്ലളം, ചേവായൂർ തുടങ്ങിയ വിവിധ പൊലീസ് സ്റ്റേഷനുകളിലായി സജീഷിനെതിരെ നിരവധി കേസുകളുണ്ട്.
ബൈക്ക് മോഷണം, ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്നുള്ള മോഷണം, പാലക്കാട് ജില്ലയിലെ കൂറ്റനാട് സബ് ട്രഷറി കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ചത്, വീട് കുത്തിത്തുറന്ന് സ്വർണമാല മോഷ്ടിച്ചത് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഇയാൾ.