ഊരകം: എസ്.ഐ.ആർ വിഷയത്തിലെ വസ്തുതകൾ ജനങ്ങളോട് വിശദീകരിക്കുന്നതിനായി ബിജെപി പറപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 30-ന് വാഹന പ്രചാരണ ജാഥയും 'പ്രതിഷേധ ജനസഭ'യും സംഘടിപ്പിക്കാൻ മണ്ഡലം നേതൃയോഗം തീരുമാനിച്ചു.
'ആൾക്കൂട്ട അരാജകത്വം ചെറുക്കുക, ജനാധിപത്യം സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തിയും എസ്.ഐ.ആറിനെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്ക് മറുപടി നൽകാനുമാണ് പ്രതിഷേധ ജനസഭ സംഘടിപ്പിക്കുന്നത്. ഊരകം, ഒതുക്കുങ്ങൽ, പറപ്പൂർ എന്നീ പഞ്ചായത്തുകളിലാണ് വിശദീകരണ യോഗങ്ങൾ നടക്കുക. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന യോഗങ്ങളിൽ മണ്ഡലം, ജില്ലാ, സംസ്ഥാന നേതാക്കൾ പ്രസംഗിക്കും.
നേരത്തെ നടന്ന മണ്ഡലം നേതൃയോഗം ബിജെപി സംസ്ഥാന കൗൺസിൽ അംഗം എ.പി. ഉണ്ണി ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പിൽ ഇൻഡി മുന്നണി വിജയിച്ചാൽ എസ്.ഐ.ആറിനും ഇ.വി.എമ്മിനും കുഴപ്പമില്ലെന്നും തോറ്റാൽ ഇവയ്ക്കെതിരെ നുണകൾ പ്രചരിപ്പിക്കുന്നത് അപഹാസ്യവും ഇരട്ടത്താപ്പുമാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സി. ബാബുരാജൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കെ. വേലായുധൻ, കെ.എം. മധുസൂദനൻ, പി. അറുമുഖൻ, പി. വേലായുധൻ എന്നിവർ സംസാരിച്ചു.