പാലക്കാട്: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ട്രെയിനുകളിൽ പടക്കങ്ങളും മറ്റ് തീപിടിക്കുന്ന വസ്തുക്കളും കൊണ്ടുപോകുന്നവർക്കെതിരെ കർശന നടപടിയുമായി റെയിൽവേ. ഉത്സവ സീസണിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻ മാർഗം വൻതോതിൽ പടക്കങ്ങൾ കടത്താൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് സുരക്ഷയും പരിശോധനകളും ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്.
പടക്കങ്ങൾക്ക് പുറമെ ഗ്യാസ് സിലിണ്ടറുകൾ, പെട്രോൾ, ഡീസൽ, മണ്ണെണ്ണ, സ്റ്റൗ, തീപ്പെട്ടി, സിഗരറ്റ് ലൈറ്റർ തുടങ്ങിയ അപകടകരമായ വസ്തുക്കൾ ട്രെയിനിൽ കൊണ്ടുപോകുന്നതിനും പൂർണ വിലക്കുണ്ട്. നിയമലംഘനം നടത്തുന്നവർക്ക് 1,000 രൂപ വരെ പിഴയോ മൂന്ന് വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
ദീപാവലി പ്രമാണിച്ചുള്ള സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ സ്റ്റേഷനുകളിലും ട്രെയിനുകൾക്കുള്ളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. റെയിൽവേ സുരക്ഷാസേന (RPF), റെയിൽവേ പൊലീസ്, ടിക്കറ്റ് പരിശോധകർ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്.
യാത്രക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഇത്തരം വസ്തുക്കൾ കൊണ്ടുപോകരുതെന്നും റെയിൽവേ നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ട്രെയിനുകളിലോ സ്റ്റേഷനുകളിലോ നിരോധിത വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ റെയിൽവേയുടെ സഹായ നമ്പറായ 139-ൽ ഉടൻ വിവരമറിയിക്കണമെന്നും റെയിൽവേ അറിയിച്ചു.