കോഴിക്കോട്: ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന വാഗ്ദാനത്തിന്റെ പേരിൽ നടന്ന തട്ടിപ്പുകേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ അന്വേഷണത്തിന് അനുമതി നൽകി ഗവർണർ. അബ്ദുറഹിമാനെ പ്രതിചേർക്കാനുള്ള ഫയൽ ലോക്ഭവനിൽ രണ്ടാഴ്ചയിലേറെയായി കെട്ടിക്കിടക്കുകയായിരുന്നു.
സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ അബ്ദുറഹിമാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നാണ് എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ മുൻ മന്ത്രി ഉൾപ്പെടെ അഞ്ചുപേർക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് എസ്.ഐ.ടി സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.
നവംബർ അഞ്ചിന് സർക്കാരിന് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ നടപടിയെടുക്കുന്നത് വൈകുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്. മന്ത്രിയായിരിക്കെ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളായതിനാൽ അബ്ദുറഹിമാനെതിരെ കേസെടുക്കാൻ ഗവർണറുടെ അനുമതി ആവശ്യമാണെന്നായിരുന്നു സർക്കാരിന് ലഭിച്ച നിയമോപദേശം.
അബ്ദുറഹിമാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ.ബി.സി), കമ്പനി ഉടമ ആന്റോ അഗസ്റ്റിൻ എന്നിവർക്കെതിരെയും കേസെടുക്കണമെന്നാണ് എസ്.ഐ.ടി ശുപാർശ.
അർജന്റീന ഫുട്ബാൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളുടെ മറവിൽ നടത്തിയ ക്രമക്കേടുകളിലൂടെ സർക്കാരിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നും ഔദ്യോഗിക രേഖകൾ ദുരുപയോഗം ചെയ്തെന്നും അന്വേഷണസംഘം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.