വിവേക് പറാട്ട് എഴുതുന്നു.. ആധുനിക വിഷു

ആധുനിക വിഷു.

ഐശ്വര്യത്തിന്റെയും 
കാർഷിക സമൃദ്ധിയുടെയും ആഘോഷമാണ് വിഷു. ഗ്രാമാന്തരങ്ങളിൽ വിളവെടുപ്പിന്റെ സന്തോഷ സൂചകമായി മേടമാസ വിഷു നാളുകളെ ആഘോഷഭരിതമാക്കിയ നമ്മുടെ കഴിഞ്ഞ കാലങ്ങൾ. പുതിയ കൃഷിക്കാവശ്യമായ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി കാർഷിക സമൂഹം ഒന്നടങ്കം മേടമാസ പുലരിയിൽ കണിവെള്ളരിയും, കൊന്നപ്പൂവും, കൃഷിയിൽ നിന്നും വിളവെടുത്ത ഫലങ്ങളുമായി കണി കണ്ടുണർന്നു.

പിന്നിട്ട കാലത്തിന്റെ കാർഷിക പ്രതാപം നമ്മുടെ നാടിനു തിരിച്ചു പിടിക്കാൻ ഇത്തരം ആഘോഷങ്ങൾ ഒരോർമ്മപ്പെടുത്തലാണ്.

ഇന്ന് വിഷു ആധുനികതയുടെ ഉത്സവമാണ്. ഏതൊരാഘോഷത്തെയും ഒറ്റക്കെട്ടായി ഒരേ മനസ്സോടെ ഉത്സവമാക്കി മാറ്റുന്ന മലയാളി വിഷുവിനെയും ആഘോഷത്തിമർപ്പോടെ വരവേൽക്കുകയാണ്.

ആധുനികകാലത്തിന്റെ എല്ലാ മേൽക്കോയ്മകളും ഇന്നത്തെ വിഷു ആഘോഷങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. 
അങ്ങാടികളിലും ചന്തകളിലും വിഷുനാളുകളിലെ തിരക്ക് നമുക്ക് നിർവചിക്കാൻ ആവാത്തതാണ്. 

ബഹുരാഷ്ട്ര കമ്പനികളുടെ സാന്നിദ്ധ്യം നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ വരെ എത്തിക്കഴിഞ്ഞിരിക്കുന്നു. 
വസ്ത്രങ്ങൾ വിഷുക്കോടിയായി വാങ്ങുക ഒട്ടുമിക്കയിടങ്ങളിലും പതിവാണ്. പഴയ കാലങ്ങളിൽ വർഷത്തിൽ ഒന്നോ രണ്ടോ തവണ വരുന്ന ആഘോഷ വേളകളിലാണ് വസ്ത്രങ്ങൾ വാങ്ങുക.

മാസങ്ങൾക്ക് മുന്നേ തുടങ്ങുന്ന മുന്നൊരുക്കങ്ങളുടെ ഭാഗമായി
നമ്മുടെ ഗ്രാമപ്രദേശങ്ങളിലെ അല്ലെങ്കിൽ അടുത്ത പ്രദേശത്തെ അങ്ങാടിയിലെ തുണിക്കടകളിൽ ആവേശത്തോടെയും ആർത്തിയോടെയും കുടുംബം ഒന്നായി ചെന്ന് വ്‌സ്ത്രങ്ങൾ വാങ്ങും. 

റെഡി മെയ്ഡ് തുണിക്കടകളിൽ നിന്നും അളവ് പാകമായി കിട്ടാത്തവർ തുണി വാങ്ങി തയ്യൽ കടയിൽ നൽകും. തയ്യൽക്കടകളിലെ തിരക്ക് മുൻപിൽ കണ്ട് ചിലപ്പോൾ നേരത്തെ തന്നെ തുണികൾ വാങ്ങി വെക്കും. 

തയ്യൽ കടകൾ തിരഞ്ഞെടുക്കുന്നതിലും ഓരോ പ്രത്യേകതകളാണ്, മനസ്സിന് പിടിക്കുന്ന സ്വന്തം ചങ്ങാതിമാരുടെ കടകളായിരിക്കും മിക്കവരും തിരഞ്ഞെടുക്കുക. തയ്യൽക്കട നടത്തുന്ന ചങ്ങാതിയുടെ വീട്ടിലെ വിഷുവും പൊടിപൊടിക്കും. രണ്ടോ മൂന്നോ വർഷക്കാലം ഉപയോഗിച്ച ശേഷമായിരിക്കും പിന്നീട് വസ്ത്രങ്ങൾ ഉപേക്ഷിക്കുക.

എന്നാൽ ഇന്നത്തെ പരിതസ്ഥിതിയിൽ ബഹുരാഷ്ട്ര കുത്തുക കമ്പനികൾക്ക് വിഷു ഒരു കച്ചവട ഇവന്റായി മാറിക്കഴിഞ്ഞു. പാശ്ചാത്യ സംസ്കാരത്തിന്റെ തനിയാവർത്തനം എല്ലാ മേഖലകളിലും കയറി വന്നിരിക്കുന്നു. നമ്മുടെ ഉമ്മറപ്പടിക്ക് മുൻപിൽ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ സാന്നിധ്യം വന്നിരിക്കുന്നു. 

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ വിഷു കോടികളുടെ പുതിയ കളക്ഷനുകൾ അപ്‌ലോഡ് ചെയ്തിരിക്കുന്ന പോർട്ടൽ തുറന്നു വച്ചിരിക്കുന്നു. 

ഫെയ്സ്ബുക്കിലും ഗൂഗിളിലും കയറുമ്പോൾ ഇടയ്ക്കിടെ പരസ്യങ്ങളുടെ രൂപത്തിൽ വിഷു കോടിയുടെ ഓർമ്മപ്പെടുത്തൽ നമ്മളിലേക്കെത്തിക്കുന്നു. 

മനസ്സിനിണങ്ങുന്ന നിറത്തിലും ഡിസൈനിലുമുള്ള വസ്ത്രങ്ങൾ കാണുമ്പോൾ അറിയാതെ ക്ലിക്ക് ചെയ്ത് അക്കൗണ്ടിൽ നിന്നും പണം അടച്ച് കൊറിയറിനായി കാത്തുനിൽക്കുന്നു.

ഇത്തരം ചില കമ്പനികളുടെ പരസ്യം വരുമ്പോൾ, 
ഈ കട നമ്മുടെ അങ്ങാടിയിൽ ഉണ്ടല്ലോ ഓൺലൈനിൽ എടുക്കുന്നതിന് പകരം പോയി, കണ്ട് തുണിയൊക്കെ ഒന്ന് തൊട്ടുനോക്കി എടുക്കുന്നതല്ലേ നല്ലത് എന്ന രീതിയിലേക്കും ചിലർ ചിന്തിക്കുന്നു.

രാജ്യം മുഴുവനായി വസ്ത്ര മേഖലകളും മറ്റുമായി കയ്യടക്കിവെക്കുന്ന ആഗോള ഭീമന്മാരുടെ കമ്പനികൾ നമ്മുടെ അങ്ങാടികളിൽ സ്ഥാനം പിടിക്കുകയാണ്.

ട്രെൻഡിനൊപ്പം ആളുകൾ ഇത്തരം ദിക്കുകളിലേക്ക് ചേക്കേറിക്കൊണ്ടേയിരിക്കുകയാണ്.

വാങ്ങുക ഉപയോഗിക്കുക വലിച്ചെറിയുക എന്നു പറയുന്ന ഉപഭോഗ സംസ്കാരത്തിന് ഇന്നത്തെ സമൂഹം കീഴ്പ്പെട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യം ആഘോഷ നാളുകളിലും പ്രകടമാണ്.

പണ്ട് ഓരോ കടകളിലായി പല പല സാധനങ്ങൾ വാങ്ങിയിരുന്നു നമ്മൾ, ചിലവഴിക്കുന്ന പണം നമ്മുടെ നാട്ടിൽ തന്നെയാണ് വ്യാപിച്ചിരുന്നത്. തുണി വാങ്ങുമ്പോൾ നമ്മുടെ നാട്ടിലെ തുണിക്കടക്കാരന് പണം ലഭിക്കും. 
തയ്യലിനായി സുഹൃത്തിൻറെ കയ്യിൽ തയ്യൽക്കൂലി കൊടുക്കുമ്പോൾ സുഹൃത്തിന് പണം ലഭിക്കും, ചെരുപ്പു കടക്കാരന് പണം കൊടുക്കുമ്പോൾ നമ്മുടെ നാട്ടിലെ ചെരുപ്പ് കടക്കാരന്റെ വീട്ടിലേക്കും അതിൻറെ ഒരു വിഹിതം എത്തുന്നു.

എന്നാൽ ഇത്തരം ബഹുരാഷ്ട്ര കമ്പനികളിൽ നിന്നും ഓൺലൈനായോ, 
കമ്പനികളുടെ ഔട്ട്ലെറ്റുകൾ വഴിയോ സാധനങ്ങൾ വാങ്ങുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ എവിടെയോ ഇരിക്കുന്ന തയ്യൽക്കാരനിലേക്കും ഇത്തരം കമ്പനികളുടെ ഹെഡ് ഓഫ് അക്കൗണ്ടുകളിലേക്കുമാണല്ലോ പണം പോകുന്നത്. 

ഒരു വിഷു നടക്കുമ്പോൾ ലോകമെമ്പാടുമുള്ള ഇത്തരം കമ്പനികളിലേക്ക് ഇന്നത്തെ നമ്മുടെ സമൂഹം നൽകുന്നത്
എത്രയെത്ര രൂപയാണ്.

കാലം മാറുമ്പോൾ ലോകത്തിന്റെ രീതികളും മാറുന്നു. 
എല്ലാം എളുപ്പവും, ലാഭവും നോക്കുമ്പോൾ ചിലപ്പോൾ തിരിച്ചു നടക്കാൻ സാധിക്കാത്ത വിധം നമ്മൾ ഇത്തരം സംവിധാനങ്ങളുമായി അടുത്തുകഴിഞ്ഞിട്ടുണ്ടാകും.
പിൽക്കാലത്തിന്റെ സ്മരണകളിലേക്ക് തിരിഞ്ഞു നോക്കാൻ പോലുമാകാത്ത വിധം.

വിഷുക്കിറ്റുകൾ കിട്ടുന്ന സൂപ്പർ മാർക്കറ്റ് കൗണ്ടറുകൾ ഇന്ന് സുലഭമായി കൊണ്ടിരിക്കുകയാണ്.

വിഷുക്കണി വെക്കാനുള്ള ഉരുളിയും, 
അതിൽ നിറച്ച വിഭവങ്ങളും വിൽപ്പനക്ക് ധാരാളം കാണാൻ കഴിയും. കൊന്നപ്പൂവിന് പകരം പ്ലാസ്റ്റിക് കൊന്ന നിറച്ച സെറ്റുകളും വിലകുറഞ്ഞതിൽ നമുക്ക് കാണാം. പല സ്ഥലങ്ങളിൽ നിന്നും ശേഖരിച്ചുവച്ച കൊന്നപ്പൂക്കൾ വിഷു കൗണ്ടറുകളിൽ നമുക്ക് കാണാൻ സാധിക്കുന്നു.

മലയാളികളൊന്നടങ്കം, 
തിരക്കുകൾ നിറഞ്ഞ ജീവിതത്തിലും
ഇത്തരം ആഘോഷങ്ങളെ ഉത്സവങ്ങളാക്കി മാറ്റുന്നു.
വിശുദ്ധ റമദാനിലെ ഈ വിഷു നാൾ
പരസ്പര സ്നേഹത്തിലൂന്നിയ
നമ്മുടെ നാടിന്റെ ഐക്യവും, 
സാഹോദര്യവും, വർദ്ധിപ്പിക്കാൻ സാധിക്കട്ടെ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}